ത്ര വയസ്സിലാണ് വാർധക്യം നമ്മെ പിടികൂടുക? ഒരുപക്ഷേ, ഔദ്യോഗിക ജീവിതത്തിൽനിന്നൊക്കെ വിരമിച്ച് 60 വയസ്സൊക്കെ പിന്നിടുമ്പോൾ എന്നാകും സാമാന്യ ധാരണ. എന്നാൽ, യഥാർഥത്തിൽ വാർധക്യം യുവാവായിരിക്കെത്തന്നെ നിങ്ങളെ പിടികൂടിക്കഴിഞ്ഞതായി ഗവേഷകർ പറയുന്നു. ബ്രിട്ടീഷുകാർക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ നടത്തിയ ഗവേഷണഫലം അനുസരിച്ച് 24-ാം വയസ്സിൽ നിങ്ങൾ വയോധികനായിത്തുടങ്ങുന്നു.

ശരീരത്തിലെ ഓരോ ഭാഗം തളർന്നു തുടങ്ങുന്നതിന്റെ സൂചനയാണ് വാർധക്യത്തിലേക്കുള്ള ചൂണ്ടുപലകകൾ. 24-ാം വയസ്സിൽ തലവേദനയുടെ രൂപത്തിലാകും അതാക്രമിക്കാൻ തുടങ്ങുക. 33-ാം വയസ്സിൽ പുറംവേദനയായി ഒരു പടി കൂടി മുന്നോട്ടുപോകും. 39 വയസ്സാകുമ്പോഴേക്കും തലമുടിയും മറ്റു രോമങ്ങളും നരയ്ക്കാൻ തുടങ്ങും. സന്ധികളിലും കാൽമുട്ടിലും വേദന, വാതത്തിന്റെ ലക്ഷണങ്ങൾ തുടങ്ങി ശരീരം പതുക്കെ വഴങ്ങാതെയായി തുടങ്ങും.
2000-ത്തോളം പുരുഷന്മാരിലും സ്ത്രീകളിലുമായി നടത്തിയ സർവേയിലാണ് ഈ ഫലങ്ങൾ കണ്ടെത്തിയത്. മുപ്പതുകളിൽത്തന്നെ ഉയർന്ന സമ്മർദവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അലട്ടാൻ തുടങ്ങുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. യുവാക്കളായിരിക്കുമ്പോൾ ഇത്തരം ആരോഗ്യപ്രശ്‌നങ്ങളെ അതിവേഗം തരണം ചെയ്യാനാവുന്നു എന്നതുകൊണ്ട് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ്. എന്നാൽ, പ്രായമേറുന്നതോടെ, രോഗാവസ്ഥകൾ നീണ്ടുനിൽക്കാൻ തുടങ്ങുന്നു.

30-കളിൽ എത്തുമ്പോൾത്തന്നെ ഓരോ ദിവസവും ശരീരത്തിന്റെ ഓരോ ഭാഗം പണിമുടക്കാൻ തുടങ്ങും. ചിലപ്പോഴത് സന്ധിവേദനയാകാം അല്ലെങ്കിൽ തലവേദനയാകാം. മറ്റുചിലർക്ക് ദഹന പ്രശ്‌നങ്ങളാകാം. വ്യായാമങ്ങളിലൂടെ ശാരീരികക്ഷമത നിലനിർത്തിയവർക്കുപോലും കാൽക്കുഴയിലും മുട്ടിലും വേദന തോന്നാം. പതുക്കെ മരുന്നിനെ ആശ്രയിക്കാതെ തരമില്ലെന്ന് വരുന്നു-ഗവേഷകർ വാർധക്യം കടന്നുവരുന്ന വഴി വിശദീകരിക്കുന്നു.

വൈറ്റമിൻ ബ്രാൻഡ് ഹെൽത്ത്‌സ്പാൻ നടത്തിയ സർവേയിലാണ് ഈ ഫലങ്ങൾ. സർവേയിൽ പങ്കെടുത്ത വലിയൊരു വിഭാഗം കൗമാരപ്രായത്തിലാണ് ശരീരം ഏറ്റവും ഊർജസ്വലമായി നിന്നതെന്ന് അംഗീകരിക്കുന്നു. പിന്നീട് വർഷം ചെല്ലുന്തോറും ഓരോരോ ശാരീരിക പ്രശ്‌നങ്ങൾ അലട്ടാൻ തുടങ്ങുന്നു. എന്നാൽ, ജീവിത ശൈലിയാണ് നേരത്തെയുള്ള വാർധക്യത്തിന് കാരണമെന്നാണ് ഗവേഷകർ പറയുന്നത്. പോഷകാംശം കുറവുള്ള ഭക്ഷണം, വ്യായാമത്തിന്റെ കുറവ്, മദ്യപാനം, ഉറക്കക്കുറവ് തുടങ്ങിയവ വാർധക്യത്തെ നേരത്തെ എത്തിക്കുമെന്ന് ഗവേഷകർ പറയുന്നു.