- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കക്കൂസ് മാലിന്യം പൊതുനിരത്തിൽ; തെന്നിവീണ് വയോധികൻ മരിച്ചു; ദുരൂഹതയെന്ന് നാട്ടുകാർ

കൊച്ചി: എറണാകുളം കണ്ണമാലിയിൽ മാലിന്യത്തിൽ ചവിട്ടിതെന്നി വീണ് ഒരാൾ മരിച്ചു. കാട്ടിപ്പറമ്പ് സ്വദേശി പി എ ജോർജ് (92) ആണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ ജോർജ് മാലിന്യത്തിൽ ചവിട്ടി തെന്നി തലയിടിച്ച് വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കക്കൂസ് മാലിന്യം റോഡരികിൽ തള്ളിയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.
ഈ പ്രദേശങ്ങളിൽ സ്ഥിരമായി ഇത്തരത്തിൽ മാലിന്യങ്ങൾ തള്ളാറുണ്ടെന്നും രാത്രിയിൽ മാലിന്യം തള്ളുന്നതിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ജോർജിനെ മാലിന്യം ഉപേക്ഷിക്കാൻ വന്നവർ അപകടപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടെന്നും നാട്ടുകാരിൽ ചിലർ പറയുന്നു.
വീടിന്റെ മുന്നിലുള്ള കാനയിലാണ് ജോർജ് വീണു കിടന്നിരുന്നത്. ഈ കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ തള്ളിയ നിലയിലാണ്. ഈ മാലിന്യത്തിൽ ചവിട്ടി തെന്നി കാനയിലേക്ക് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. വഴിയാത്രക്കാരാണ് ജോർജിനെ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മരിച്ച ജോർജിന് ദിവസവും രാവിലെ പള്ളിയിൽ പോയി നേർച്ചയിടുന്ന പതിവുണ്ട്. പുലർച്ചെ അഞ്ച് മണിയോടെ പള്ളിയിലേക്ക് പോകുന്നതിനായി ഇറങ്ങിയപ്പോഴായിരിക്കാം അപകടം സംഭവിച്ചതെന്നാണ് വിവരം. വീട്ടിൽ ജോർജ് തനിച്ചാണ് താമസം. സംഭവസ്ഥലത്ത് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കക്കൂസ് മാലിന്യമുൾപ്പെടെ റോഡരികിൽ തള്ളുന്നതിനെതിരേ നാട്ടുകാർ നിരവധി തവണ പരാതികളുന്നയിച്ചിട്ടുണ്ട്. എന്നാൽ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് അവർ പറയുന്നു.


