റാഞ്ചി: അറുപത്തിയഞ്ചുകാരനായ രണ്ടാനച്ഛന്റെ ചുണ്ടുകൾ തുന്നിക്കെട്ടിയ ശേഷം കൈകാലുകൾ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് മകന്റെ ക്രൂരത. ഝാർഖണ്ഡിലാണ് ഞെട്ടിക്കുന്ന സംഭവം. സിഗ്സിഗി റെയിൽവേ സ്റ്റേഷനിലെ ട്രാക്കിലാണ് വൃദ്ധനെ കെട്ടിയിട്ട നിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്. പാലമു ജില്ലയിലെ ഭിത്തിഹാര സ്വദേശിയായ ഭോലാ റാമിനെയാണ് മകൻ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ടത്.

മകനും മറ്റ് രണ്ടുപേരും ചേർന്ന് മർദ്ദിച്ച ശേഷമായിരുന്നു ഭോലാ റാമിനെ റെയിൽവേ പാളത്തിൽ കൊണ്ട് ചെന്നിട്ടത്. കയർ ഉപയോഗിച്ചായിരുന്നു ഭോലാറാമിന്റെ ചുണ്ടുകൾ തുന്നിക്കെട്ടിയത്. ഇതിന് ശേഷം കാലുകളും കൈകളും ട്രാക്കിനോട് ചേർത്ത് കെട്ടിയിടുകയായിരുന്നു. രാത്രിയിൽ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ ഭോലാറാമിനെ മകനും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ച ശേഷമായിരുന്നു ഇത്. പുലർച്ചയോടെ ട്രാക്ക് പരിശോധിക്കാനെത്തിയവർ ഇയാളെ കണ്ടെത്തിയതാണ് ഭോലാറാമിന് രക്ഷയായത്. ഇയാളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ചുണ്ടിലെ കയറുകൾ നീക്കിയ ശേഷം ചികിത്സ ആരംഭിച്ചിട്ടുണ്ട്.

ഭോലാറാമിന്റെ രണ്ടാം ഭാര്യയുടെ മകനാണ് വൃദ്ധനോട് അതിക്രമം കാണിച്ചത്. രണ്ടാം ഭാര്യയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ആദ്യഭാര്യ മരിച്ചതിന് ശേഷം 2010ലാണ് ഭോലാറാം വീണ്ടും വിവാഹിതനായത്. ഭോലാറാമിനും രണ്ടാം ഭാര്യയ്ക്കും ഇടയിൽ കലഹങ്ങൾ പതിവായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.