- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പാ നദിയിൽ ഒഴുക്കിൽപെട്ടു പോയ ഗൃഹനാഥനെ യുവാവ് അതിസാഹസികമായി രക്ഷപെടുത്തി; പലതവണ മുങ്ങി താഴ്ന്ന പ്രഭാകരന്റെ ജീവൻ രക്ഷിച്ചത് സനൽ കുമാറിന്റെ ബലിഷ്ഠമായ കരങ്ങൾ
ചെങ്ങന്നൂർ: പമ്പാനദിയിൽ ഒഴുക്കിൽ പെട്ട് വയോധികനെ യുവാവ് സാഹസികമായി രക്ഷപെടുത്തി. ഒരു കിലോമീറ്ററോളം പടിഞ്ഞാറോട്ട് പോയ മധ്യവയസ്കനെയാണ് യുവാവ് അവസരോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. ആല പെണ്ണുക്കര വിഷ്ണുഭവനത്തിൽ പ്രഭാകരൻ (58) തിങ്കളാഴ്ച രാവിലെ 8.30 ഓടെ എം സി റോഡിൽ തിരുവൻവണ്ടൂർ, കല്ലിശ്ശേരി പഴയബോട്ടു ജട്ടിക്കടവിൽ കുളിക്കാനിറങ്ങവെയാണ് ഒഴുക്കിൽപ്പെട്ടത്.
ഒഴുക്കിൽപ്പെട്ട് നദിയിലൂടെ ഏകദേശം ഒരു കിലോമീറ്ററോളം ദൂരം ഒഴുകി ഇതിനിടയിൽ പലതവണ മുങ്ങി താഴുന്ന പ്രഭാകരനെ സമീപമുള്ള പുത്തൻപുരയ്ക്കൽ കടവിലും അക്കരെയും കുളിച്ചു കൊണ്ടിരുന്ന സ്ത്രീകൾ കാണുകയും അവർ ഉച്ചത്തിൽനിലവിളിച്ചതിനെത്തുടർന്ന് കരയിലേക്ക് സമീപവാസികൾ ഓടി എത്തി. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ ഉമയാറ്റുകര കാഞ്ഞിരയ്ക്കാട്ട് എ.സനൽകുമാർ നദിയിലേക്ക് എടുത്തു ചാടി. മുങ്ങി താഴ്ന്നു കൊണ്ടിരിക്കുന്ന പ്രഭാകരന്റെ അടുത്തേക്ക് നീന്തി എത്തുകയായിരുന്നു.
ഈ സമയം പ്രഭാകരന്റെ കൈകൾ മാത്രമായിരുന്നു വെള്ളത്തിനു മുകളിൽ കാണാൻ സാധിച്ചത്. അതിസാഹസികമായിട്ടാണ് സനൽ അദ്ദേഹത്തെ കരക്കെത്തിച്ചത്. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി. ബന്ധുക്കളെ വിവരം അറിയിച്ചു അവർക്കൊപ്പം വിട്ടയച്ചു.