കൊച്ചി: നോട്ട് നിരോധനത്തിലൂടെ പഴയതായ 500, 1000രൂപ നോട്ടുകൾ മാറ്റാൻ പ്രവാസികൾക്ക് അനുവദിച്ചസമയം ജൂൺ 30ന് അവസാനിക്കും. ആറുമാസത്തിലധികം വിദേശത്ത് താമസമുള്ള ഇന്ത്യൻ പൗരന്മാർക്ക് 2017 ജൂൺ 30വരെ നിബന്ധനകൾക്കുവിധേയമായി റിസർവ് ബാങ്ക് അനുവദിച്ചിരുന്നു. അതായത് ഈ മാസം കഴിഞ്ഞാൽ പിന്നെ ആർക്കും പഴയ നോട്ടുകൾ മാറ്റി വാങ്ങാനായില്ല.

2016 നവംബർ 8ന് നോട്ടുനിരോധനം ഏർപ്പെടുത്തുമ്പോൾ പഴയനോട്ടുകൾ മാററിവാങ്ങാൻ ജനങ്ങൾക്ക് അനുവദിച്ച അവസാനതിയ്യതി 2017 മാർച്ച് 31 ആയിരുന്നെങ്കിലും പിന്നീടത് 2016 ഡിസംബർ 31ലേക്ക് ചുരുക്കി. തിരഞ്ഞെടുത്ത റിസർവ് ബാങ്ക് ഓഫീസുകളിൽ നോട്ട് മാറ്റിവാങ്ങാൻ മാർച്ച് 31വരെ അനുമതി നൽകുകയും ചെയ്തു. പ്രവാസികൾക്ക് ഇത് 2017 ജൂൺ 30വരെ അനുവാദവും ഉണ്ടായിരുന്നു.നേപ്പാൾ, ഭൂട്ടാൻ, പാക്കിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽനിന്ന് വരുന്നവർക്ക് നോട്ട് നിക്ഷേപിക്കാൻ വ്യവസ്ഥയില്ല.

റിസർവ് ബാങ്കിന്റെ മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, നാഗ്പൂർ ഓഫീസുകളിൽ മാത്രമാണ് പ്രവാസികൾക്ക് പഴയനോട്ടുകൾ നിക്ഷേപിക്കാൻ കഴിയുന്നത്. ഒരാൾക്ക് പരമാവധി വിദേശത്തുനിന്ന് കൊണ്ടു വരാവുന്നത് 25,000 രൂപയുടെ പഴയനോട്ടുകൾ മാത്രമാണ്. കൈവശമുള്ള തുക എത്രയെന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും അതിനുള്ള സാക്ഷ്യപത്രം വാങ്ങി റിസർവ് ബാങ്കിൽ സമർപ്പിക്കുകയുംവേണം. ലീവില്ലാത്തതിനാലും നോട്ട് മാററിയെടുക്കുന്നതിലെ നൂലാമാലകളുംകാരണം അധികംപേരും ഇതിനായി നാട്ടിൽ വന്നിട്ടില്ലെന്നാണ് അറിയുന്നത്.

ഒരാൾക്ക് 25,000 രൂപ മാത്രമേ മാറ്റിയെടുക്കാനാവൂ. അതുകൊണ്ട് തന്നെ നാട്ടിലേക്ക് മടങ്ങുന്നവർ മറ്റുള്ളവരുടെ കൈയിലെ കാശ് വാങ്ങി നാട്ടിൽ കൊണ്ടു വന്ന് മാറ്റാനും മുതിരുന്നില്ല. വിദേശത്ത് ജോലിക്ക് പോകുമ്പോൾ അവധിക്ക് വരുമ്പോൾ വിമാനത്താവളത്തിലും മറ്റും ഉപയോഗിക്കാനായി കരുതുന്ന തുകയാണ് പ്രവാസികളുടെ കൈയിലുള്ളത്. ഇങ്ങനെ കൊണ്ടു പോയ തുക ഈ മാസം കഴിഞ്ഞാൽ മാറ്റിയെടുക്കാൻ പറ്റാതെ വരും.