ന്യൂഡൽഹി: വീണ്ടും ഡൽഹിയിൽ ഗാന്ധിയൻ അണ്ണാ ഹസാരയുടെ സമരം. കേന്ദ്ര സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് പിൻവലിക്കണമെന്ന ആവശ്യവുമായാണ് അണ്ണാ ഹസാരെ ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ആരംഭിച്ചത്. ആദ്യഘട്ട സമരം ഇന്ന് അവസാനിക്കുമെങ്കിലും ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭത്തിനു തുടക്കമിടുമെന്ന് ഹസാരെ പറഞ്ഞു.

ഹസാരെയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ സമരത്തിൽ പങ്കെടുക്കും. മഹാരാഷ്ട്ര സദനിൽ ഹസാരെയും കേജ്‌രിവാളും ഇന്നലെ ഒരുമണിക്കൂറോളം ചർച്ച നടത്തി. സമരത്തിന് എല്ലാ പിന്തുണയും കെജ്രിവാൾ വാഗ്ദാനം ചെയ്തിരുന്നു.

ഭൂമിയേറ്റെടുക്കൽ ഓർഡിനൻസ് ജനാധിപത്യവിരുദ്ധമാണെന്നും സർക്കാർ കർഷകരുടെ ക്ഷേമം മറക്കരുതെന്നും സമരവേദിയിൽ ഹസാരെ പറഞ്ഞു. കോർപറേറ്റുകൾക്കു മാത്രമാണു മോദി സർക്കാർ നല്ലദിനങ്ങൾ സമ്മാനിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം കർഷകർ ഇത്രയും ദുരിതം നേരിടുന്നത് ഇതാദ്യമാണ്. കർഷകരുടെ അനുമതിയില്ലാതെ അവരുടെ ഭൂമി ഏറ്റെടുക്കാൻ അനുവദിക്കില്ലെന്നാണ് ഹസാരെയുടെ നിലപാട്.

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ച ദിവസം തന്നെയാണു പുതിയ സമരത്തിനു ഹസാരെ തുടക്കമിട്ടത്. ഓർഡിനൻസിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചു ബോധവൽക്കരിക്കാൻ രാജ്യത്തുടനീളം പദയാത്ര നടത്തിയ ശേഷം രാംലീലാ മൈതാനിയിൽ ജയിൽ നിറയ്ക്കൽ സമരത്തിനു തുടക്കമിടാനാണു ഹസാരെ ലക്ഷ്യമിടുന്നത്. സാമൂഹിക പ്രവർത്തക മേധാ പട്കർ സമരത്തിൽ പങ്കെടുത്തു. ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസിനെതിരെ ഏകതാ പരിഷത്തിന്റെ നേതൃത്വത്തിൽ ഹരിയാനയിലെ പൽവലിൽ നിന്ന് ആരംഭിച്ച്, മലയാളിയായ പി.വി. രാജഗോപാൽ നയിക്കുന്ന പദയാത്ര ഇന്ന് ഹസാരെയുടെ സമരത്തിൽ അണിചേരും.

നേരത്തെ കള്ളപ്പണത്തിനെതിരെ ഹസാരെ നടത്തിയ സമരം വലിയ ചർച്ചയായിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ സഹോയത്തോടെ അഴിമതിക്കെതിരെ നടന്ന പോരാട്ടം ഹസാരയെ ജനകീയനാക്കി. ഇതാണ് ആംആദ്മി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് വഴിവച്ചത്. എന്നാൽ ആംആദ്മിയുമായി ഹസാരെ സഹകരിച്ചുമില്ല.