കൊല്ലം: പ്രായമായ അച്ഛനമ്മമാരെ വയോധികസദനങ്ങളിൽ കൊണ്ടു തള്ളുന്ന വാർത്തകൾ ഏറെ പുറത്തുവന്നിട്ടുണ്ട്. ക്രൂരതകൾ ഏറെ ചർച്ചയാകുന്നതിനിടെയിതാ ഒരു വയോധികയെ ഡിക്കിക്കുള്ളിൽ തള്ളി യാത്ര ചെയ്യുന്ന ഒരു കാറിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഡിക്കിയിൽ ഇരിക്കുന്ന വയോധിക വെയിൽ മുഖത്തുകൊള്ളാതിരിക്കാൻ മുഖം കൈകൊണ്ടു മറയ്ക്കുന്നതും ചിത്രത്തിൽ വ്യക്തമാണ്. കരുനാഗപ്പള്ളിയിൽനിന്നെന്ന പേരിലാണ് ചിത്രം പ്രചരിച്ചത്.

ഇത്തരത്തിലും മനുഷ്യർ പ്രവർത്തിക്കുമോ എന്ന ചോദ്യമാണു സോഷ്യൽ മീഡിയ ഉയർത്തുന്നത്. മാരുതി സെൻ എസ്റ്റിലോ കാറിന്റെ ഡിക്കിയിൽ അടച്ചാണ് വയോധികയെ കൊണ്ടു പോകുന്നത്. കൊല്ലത്തു രജിസ്റ്റർ ചെയ്ത കാറിലാണ് ഈ ക്രൂരത.

കെ എൽ 02 എഎ 5604 എന്ന നമ്പർ കാറിലാണ് പൊരിവെയിലത്ത് വയോധികയെ ഡിക്കിയിൽ അടച്ചത്. കാറിലുണ്ടായിരുന്നവർക്കെതിരേ കേസെടുത്തെന്നും പ്രചാരണമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.

നാലംഗ കുടുംബം കരുനാഗപ്പള്ളിയിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴി്ക്കാൻ ഇറങ്ങിയപ്പോൾ അമ്മക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാൻ തയ്യാറായില്ലെന്നും കാറിന്റെ ഡിക്കിയിൽ വയോധികയെ കണ്ടു ചോദ്യം ചെയ്യുകയാണെന്നുമാണ് പോസ്റ്റിൽ പറയുന്നത്. കാർ ലോക്ക് ചെയ്യരുതെന്നു പറഞ്ഞപ്പോൾ അമ്മ മാനസിക രോഗിയാണെന്നായിരുന്ന്രേത മറുപടി. യുവാക്കൾ ഇടപെട്ടപ്പോൾ വയോധികയെ പുറത്തിറക്കിയെന്നും തനിക്കു തുറവൂർ മുതൽ ഭക്ഷണമൊന്നും വാങ്ങിത്തന്നില്ലെന്നും ഡിക്കിയിൽ അടച്ചിരിക്കുകയായിരുന്നെന്നും അവർ മറുപടി നൽകിയെന്നും പോസ്റ്റുകളിൽ പറയുന്നു. തുടർന്നു പൊലീസ് ഇടപെട്ടെന്നും പോസ്റ്റു സൂചിപ്പിക്കുന്നു.