- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് പുഴയിൽ ഒഴുകിവന്ന വൃദ്ധയെ രക്ഷപ്പെടുത്തി; ചുങ്കം പാലത്തിനു സമീപ 82കാരിയെ രക്ഷിച്ച് കരയ്ക്കെത്തിച്ചത് നാട്ടുകാരായ ചെറുപ്പക്കാർ; അപകടനില തരണം ചെയ്തു; കറുകച്ചാൽ സ്വദേശിനിയായ രാജമ്മ പുഴയിൽ വീണത് എങ്ങനെയെന്നതിൽ ദുരൂഹത നീക്കാൻ പൊലീസ്
കോട്ടയം: പുഴയിൽ ഒഴുകിവന്ന വൃദ്ധയെ നാട്ടുകാർ സാഹസികമായി രക്ഷപെടുത്തി. കോട്ടയം ചുങ്കം പാലത്തിനു സമീപമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് പുഴയിലൂടെ എന്തോ ഒഴുകിവരുന്നത് പുഴയിൽ കുളിച്ചുകൊണ്ടിരുന്ന സ്ത്രീകളുടെ ശ്രദ്ധയിൽ പെട്ടത്.
മൃതദേഹമാണ് എന്ന് സംശയം തോന്നിയ സ്ത്രീകൾ സമീപത്തുണ്ടായിരുന്ന ചെറുപ്പക്കാരെ ബഹളം വെച്ച് വിളിച്ചു വരുത്തുകയായിരുന്നു. ഒഴുകിവന്ന സ്ത്രീ കൈപൊക്കി രക്ഷിക്കണം എന്ന് ആംഗ്യം കാട്ടിയതോടെ യുവാക്കൾ വള്ളവുമായി വെള്ളത്തിലേക്ക് ചാടി ഇറങ്ങുകയായിരുന്നു.
സമീപവാസികളായ ബിബിൻ എം ആർ ധനേഷ് എന്നിവരാണ് വള്ളവുമായി ആദ്യം പുഴയിലേക്ക് പോയത്. ഇവർ ശ്രമിച്ചിട്ടും ഏറെ ഭാരമുള്ള സ്ത്രീയെ വള്ളത്തിലേക്ക് കയറാനായില്ല. തുടർന്ന് ഷാൽ എന്ന സമീപവാസി ഉൾപ്പെടെ കൂടുതൽ പേർ പുഴയിലേക്ക് രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു.
വള്ളത്തിൽ ഇരുന്ന് സ്ത്രീയെ കരയിലേക്ക് വലിച്ചടുപ്പിച്ചു കയറ്റുകയായിരുന്നു. ഏറെ ശ്രമകരമായി ആണ് ഇവരെ കരയ്ക്ക് എത്തിക്കാൻ കഴിഞ്ഞത്. കരക്ക് എത്തിച്ച ശേഷം ഇവരോട് വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും ബോധരഹിതയായ നിലയിലായതോടെ സാധിച്ചില്ല.
ഏറെ വെള്ളം കുടിച്ചിട്ടുണ്ട് എന്നാണ് രക്ഷപ്പെടുത്തിയപ്പോൾ മനസ്സിലാക്കിയത്. കരയ്ക്ക് എത്തിച്ചശേഷം പ്രാഥമിക ശുശ്രൂഷ നൽകിയതോടെ ഇവർ ഇത് ഛർദ്ദിച്ചു കളഞ്ഞതായി സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറഞ്ഞു.
കോട്ടയത്ത് നിന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പെ നാട്ടുകാർ കരയ്ക്കെത്തിക്കുകയായിരുന്നു. ഇവർ ഒരു സാരി ഉടുത്തിരുന്നതായും അതിനു പുറത്ത് ഒരു നൈറ്റി ധരിച്ചിരുന്നതായും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സ്ത്രീ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചതോടെ വേഗത്തിൽ ചികിത്സ നൽകി. അപകടനില തരണം ചെയ്തതായി കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചു. 82 വയസ്സുണ്ട് എങ്കിലും അപകടനില ഉള്ളതായി ഇപ്പോൾ കരുതുന്നില്ല എന്നും ഡോക്ടർമാർ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ പേര് രാജമ്മ എന്നും കറുകച്ചാൽ ആണ് വീട് എന്നും ഇവർ ഡോക്ടർമാരോട് പറഞ്ഞിട്ടുണ്ട്. എവിടെനിന്നാണ് പുഴയിൽ വീണത് എന്നതടക്കമുള്ള വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചുവെങ്കിലും ഇവർക്ക് വീണ്ടും ബോധം നഷ്ടപ്പെട്ടു.
ഒഴുക്കിൽപ്പെട്ട് ചുങ്കം പാലത്തിനടിയിൽ നിന്നും രക്ഷപ്പെടുത്തിയ രാജമ്മ എത്ര ദൂരം പുഴയിൽ ഒഴുകി വന്നു എന്നത് ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഏറെ ഒഴുക്ക് ഉള്ള പ്രദേശമാണ് ഇവിടം എന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ പറയുന്നു. അതുകൊണ്ടുതന്നെ ഏറെ ദൂരം ഒഴുകാനുള്ള സാധ്യത കുറവാണ്. മറ്റെന്തെങ്കിലും വസ്തുവിൽ പിടിച്ചു കിടന്നല്ല രാജമ്മ ഉണ്ടായിരുന്നത് എന്നും ദൃക്സാക്ഷികൾ പറയുന്നു.
സംഭവം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതോടെ രാജമ്മയുടെ മകൾ വിവരം കാണുകയായിരുന്നു. രാവിലെ തോട്ടയ്ക്കാട് ആശുപത്രിയിൽ പോകുന്നതിന് വീട്ടിൽ നിന്നും ഇറങ്ങിയതാണ് എന്നാണ് ഇവർ പൊലീസ് നൽകിയിരിക്കുന്ന പ്രാഥമിക വിവരം. സംഭവത്തിലെ ദുരൂഹത അകറ്റാൻ കോട്ടയം ഗാന്ധിനഗർ പൊലീസ് അന്വേഷണം തുടങ്ങി.
മറുനാടന് മലയാളി ബ്യൂറോ