തിരുവനന്തപുരം: വിഴിഞ്ഞം തലയ്ക്കോട് വയോധികയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്നലെ വൈകുന്നേരം വിഴിഞ്ഞത്തെ വീട്ടിന് സമീപമുള്ള പറമ്പിൽ കത്തിക്കരിഞ്ഞ നിലയിലാണ് പൊന്നമ്മയുടെ ശവ ശരീരം കാണപ്പെട്ടത്. സഹോദരിക്കൊപ്പമാണ് പൊന്നമ്മ വർഷങ്ങളായി താമസിച്ച് വന്നിരുന്നത്. എന്നാൽ 75കാരിയായ പൊന്നമ്മ ആത്മഹത്യ ചെയ്തത് മക്കളില്ലാത്ത വിഷമം കാരണമാണെന്നാണ് പൊലീസ് പറയുന്നത്. മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചെങ്കിലും സംഭവ സ്ഥലത്ത് നിന്നും സംശയകരമായ ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല.

ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയാണ് പൊന്നമ്മയെ അയൽവാസികളായ ചിലർ കത്തിക്കരിഞ്ഞ നിലയിൽ വീടിന് സമീപത്തെ പറമ്പിൽ കണ്ടത്. 75 വസ്സുകാരിയായ പൊന്നമ്മ വിവിധ അസുഖങ്ങളുള്ള ആളായിരുന്നു. പല മരുന്നുകളും ഇവർ കഴിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷവും ഇവരെ കണ്ടതായി നാട്ടുകാരും അയൽവാസികളും പറയുന്നതായും വിഴിഞ്ഞം പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. സഹോദരി വസന്തയ്ക്കൊപ്പം തന്നെയാണ് പൊന്നമ്മ വർഷങ്ങളായി താമസിച്ചിരുന്നതും. ഇരുവരും തമ്മിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് തന്നെയാണ് നാട്ടുകാരും പറയുന്നതെന്നും പൊലീസ് പറയുന്നു.

പരേതനായ അപ്പുനാടാരാണ് പൊന്നമ്മയുടെയും സഹോദരി വസന്തയുടേയും ഭർത്താവ്. ആദ്യം വിവാഹം ചെയ്തത് പൊന്നമ്മയെ ആയിരുന്നു. പിന്നീട് ഇവർക്ക് കുട്ടികളുണ്ടാകാതെ വന്നതോടെ സഹോദരിയെയും വിവാഹം കഴിക്കുകയായിരുന്നു. പൊന്നമ്മയുടെ സഹോദരി വസന്തയിൽ അപ്പുനാടാർക്ക് നാല് മക്കളുണ്ട്. ഇന്നലെ വൈകുന്നേരം സഹോദരി വസന്ത വീട്ടിലില്ലാതിരുന്ന സമയത്താണ് പൊന്നമ്മ ആത്മഹത്യ ചെയ്തത്.

വസന്ത രാവിലെ സ്വന്തം മകളുടെ വീട്ടിൽ പോയിരുന്നു. വൈകുന്നേരം സംഭവം അറിഞ്ഞാണ് ഇവർ സ്ഥലത്തെത്തിയത്. കുട്ടികളില്ലാത്ത വിഷമം പൊന്നമ്മയ്ക്ക് പണ്ടുമുതലെ ഉണ്ടായിരുന്നെങ്കിലും ഈ പ്രായത്തിൽ ആത്മഹത്യയിലേക്ക് എത്തിയത് ബന്ധുക്കളേയും നാട്ടുകാരെയും ഒരുപോലെ ആശ്ചര്യപ്പെടുത്തുന്നു. അക്ഷരാർഥത്തിൽ ഇതാണ് കാരണം എന്ന് വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് നാട്ടുകാരും.

വിഴിഞ്ഞം പൊലീസ് സംഭവം അറിഞ്ഞ ഉടനെ തന്നെ സ്ഥലത്തെത്തി അന്വേഷിക്കുകയും ചെയ്തിരുന്നുവെങ്കിലും സംശയകരമായ ഒന്നും തന്നെ ലഭിച്ചില്ല. പി്നനീട് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നാണ് പൊന്നമ്മ അമ്മച്ചിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു. പോസ്റ്റ്മാർട്ടം നടത്തിയ ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്.