പാരീസ്: ഫ്രഞ്ച് കോടീശ്വരനും റഫാൽ യുദ്ധവിമാന നിർമ്മാണ കമ്പനിയായ ദസ്സോ ഏവിയേഷന്റെ ഉടമയുമായ ഒലിവർ ദസ്സോ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. 69 വയസ്സായിരുന്നു. ദസ്സോയുടെ അവധിക്കാല വസതി സ്ഥിതിചെയ്യുന്ന നോർമാണ്ടിയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. പൈലറ്റും അപകടത്തിൽ കൊല്ലപ്പെട്ടു.

അന്തരിച്ച ഫ്രഞ്ച് ശതകോടീശ്വരൻ വ്യവസായി സെർജ് ദസ്സോയുടെ മൂത്ത മകനാണ് ഒലിവർ ദസ്സോ. ഫ്രാൻസിലെ അധോസഭയായ നാഷണൽ അസംബ്ലിയിലേക്ക് 2002ൽ ഒലിവിയർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വടക്കൻ ഫ്രാൻസിലെ ഛശലെയെ ആണ് ഒലിവിയർ പ്രതിനിധീകരിച്ചിരുന്നത്.ലി ഫിഗാരോ എന്ന പത്രത്തിന്റെ ഉടമകളും ദസോ ഗ്രൂപ്പാണ്.

പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ദസ്സോയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. ഒലിവിയർ ദസ്സോ ഫ്രാൻസിനെ സ്‌നേഹിച്ചിരുന്നെന്ന് അദ്ദേഹം ട്വീറ്റിൽ കുറിച്ചു. 'വ്യവസായത്തിന്റെ കപ്പിത്താൻ, നിയമനിർമ്മാതാവ്, പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ, വ്യോമസേനയിലെ റിസർവ് കമാൻഡർ: ജീവിതകാലത്ത് അദ്ദേഹം ഒരിക്കലും നമ്മുടെ രാജ്യത്തെ സേവിക്കുന്നത് അവസാനിപ്പിച്ചില്ല. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം വലിയ നഷ്ടമാണ്'', മാക്രോൺ ട്വിറ്ററിൽ കുറിച്ചു.