- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒ എൽ എക് സിൽ വീട് ലീസിനെന്ന് പരസ്യം ചെയ്ത് ലക്ഷങ്ങൾ തട്ടുന്നത് റിയൽ എസ്റ്റേറ്റ് കുടുംബത്തിലെ പ്രധാനി; ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥനെ പറ്റിച്ചത് ഏഴ് ലക്ഷം; കേസെടുക്കാതെ പൊലീസ്; സിപിഎം ഇടപെടൽ ഒഴിവാക്കാൻ അനാവൂരിന് മുന്നിലും സങ്കടഹർജി; ശ്രീകുമാരൻ തമ്പി തട്ടിപ്പ് തുടരുമ്പോൾ
തിരുവനന്തപുരം: ഒഎൽഎക്‌സിൽ വീട് ലീസിന് നൽകാനുണ്ടെന്ന് പരസ്യം ചെയ്ത് ലക്ഷങ്ങൾ തട്ടുന്നതായി വീണ്ടും പരാതി. തിരുവനന്തപുരത്ത് ശാസ്തമംഗലം താമസിക്കുന്ന ശ്രീകുമാരൻ തമ്പി എന്നയാൾക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പണം നഷ്ടമായവർ പരാതി നൽകി രംഗത്തു വന്നിട്ടും പൊലീസ് ഇടപെടാൻ വിസമ്മതിക്കുകയാണെന്ന് ആരോപണമുണ്ട്. സിവിൽ കേസുകളിൽ ഇടപെടില്ലെന്ന ന്യായം പറഞ്ഞാണ് പൊലീസ് തട്ടിപ്പിന് കൂട്ടു നിൽക്കുന്നത്. അതിനിടെ വിഷയത്തിൽ ഇയാളെ സിപിഎം പ്രാദേശിക നേതാക്കൾ സഹായിക്കുന്നുവെന്നും ആരോപണമുണ്ട്. സിപിഎം സെക്രട്ടറിയേറ്റ് അംഗവും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ ആനാവൂർ നാഗപ്പനും ഇതു സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്.
ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥനും കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ആലപ്പുഴ മാരാരിക്കുളം നിവാസിയായ താൻ കഴിഞ്ഞ 15 വർഷമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ജോലിചെയ്തു വരുന്നു. 2007 മുതൽ തിരുവനന്തപുരത്ത് വാടകയ്ക്കാണ്താമസിച്ചുവരുന്നത്. നാട്ടിലെ കുടുംബവിഹിതം വിറ്റുകിട്ടിയതുക ഉപയോഗിച്ച് തിരുവനന്തപുരത്ത് താമസിക്കുന്നതിനായി ശാസ്തമംഗലം പൈപ്പിൻ മൂട്, നിവാസിയായ ശ്രീകുമാരൻതമ്പി എന്ന വ്യക്തിയുടെ മൂന്ന് നിലയുള്ള വീടിന്റെ ആദ്യത്തേയും രണ്ടാമത്തേയും നില 2019 ഒക്ടോബർ 1 മുതൽ 3 വർഷത്തേക്ക് ഒറ്റിക്കരാർ പ്രകാരം ഏഴര ലക്ഷം രൂപ നല്കി വാടകയ്ക്ക് ഏടുത്തിരുന്നു.
എഗ്രിമെന്റിന് ശേഷം കെട്ടിടത്തിന്റെ താക്കോൽ കൈമാറുന്നത് വൈകിപ്പിക്കുകയും രണ്ട് മാസത്തിനു ശേഷം താമസിക്കുന്നതിന് വേണ്ടി സകുടുംബം എത്തിയപ്പോൾ എന്നെ ആക്രമിക്കുകയും കെട്ടാലറയ്ക്കുന്ന തെറിവിളിയോടു കൂടി എന്നെ വീട്ടിൽ നിന്നും ഭീഷണിപ്പെടുത്തി പൂറത്താക്കുകയും ചെയ്തു. തുടർന്ന് മധ്യസ്ഥന്മാർ മുഖേനകെട്ടിടത്തിൽ താമസിക്കുന്നതിനായി നിരന്തരം ആവശ്യപ്പെട്ടെങ്കിലും പലപല തടസങ്ങൾ പറഞ്ഞ് ഒത്തുതീർപ്പ് വ്യവസ്ഥകളിൽ നിന്ന് പിന്മാറുകയും ചെയ്തു. പിന്നീട് മേൽപ്പറഞ്ഞ വ്യക്തി ഇതേ കെട്ടിടം കാണിച്ചുകൊണ്ട് സമാനമായ രീതിയിൽ പലരിൽ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങി സ്ഥിരം തട്ടിപ്പ് നടത്തുന്ന ആളാണെന്ന് മനസിലായി-പരാതി പറയുന്നു.
തുടർന്ന് പേരൂർക്കട സ്റ്റേഷനിൽ പലപ്രാവശ്യം പരാതി നല്കിയെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രാദേശിക നേതാക്കന്മാരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതിയിന്മേൽ നടപടിയെടുക്കുന്നതിൽ നിന്നും പൊലീസിനെ വിലക്കുകയും എന്നെ ഒറ്റപ്പെടുത്തുകയും ചെയ്തു. നിലവിൽ എന്റെ ഒറ്റികരാർ കാലാവധി നിലനില്ക്കുന്ന സാഹചര്യത്തിൽ ശ്രീകുമാരൻതമ്പി, വസ്തുവും വീടും പരിപൂർണ്ണ ക്രയവിക്രയാധികാരം മകന്റെ പേരിലേക്ക് നല്കി മറ്റൊരാൾക്ക് വില്ക്കാനുള്ള ശ്രമത്തിലുമാണ്. ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ നിരവധി വാർത്തകൾ ഇതിനോടകം വന്നിട്ടുമുണ്ട്.
വളരെ ചുരുങ്ങിയ വരുമാനമുള്ള രണ്ട് കുട്ടികൾ അടങ്ങുന്ന എന്റെ കുടുംബം ഇപ്പോഴും മറ്റൊരു വാടകവീട്ടിൽ തന്നെയാണ് താമസം. കരാറിന്മേൽ മറ്റ് നിയമനടപടികൾക്കായി ശ്രീകുമാരൻ തമ്പി എന്ന തട്ടിപ്പുകാരനെതിരെ പേരൂർക്കട സ്റ്റേഷൻ അധികാരികളിൽ നിന്നും സിവിൽ /ക്രിമിനൽനിയമമനുസരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു കരാർ പ്രകാരം അവിടെ കുടുംബ സമേതം താമസിക്കുന്നതിനുള്ള അവകാശം സംരക്ഷിച്ചു നല്കണമെന്നാണ് പരാതിയിൽ പറയുന്നത്.
ഒഎൽഎക്‌സിൽ ശ്രീകുമാരൻ തമ്പി ഓരോ തവണയും പുതിയപുതിയ പ്രൊഫൈലുകളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. പല പ്രൊഫൈലുകളും തട്ടിപ്പിനിരയായവർ റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചിരുന്നു. 6 ലക്ഷം രൂപയ്ക്ക് ശാസ്തമംഗലത്തുള്ള തന്റെ വീട് ലീസിന് നൽകുന്നുവെന്നാണ് പരസ്യം. രണ്ടര ലക്ഷം മുതൽ ആറര ലക്ഷം രൂപ വരെ നഷ്ടമായവരുണ്ട് തട്ടിപ്പിനിരയായവരിൽ. ചിലരെല്ലാം ആളുകളെ കൂട്ടിവന്ന് പ്രശ്‌നമുണ്ടാക്കിയും രാഷ്ട്രീയനേതാക്കളെ ഇടപെടീച്ചും പണം തിരികെ വാങ്ങിയെങ്കിലും ഭൂരിഭാഗം പേരുടെയും പണം കുടുങ്ങിക്കിടപ്പാണ്. തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകൻ സന്തോഷ് കുമാറും ഇതു സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഇതിന് ശേഷം നിരവധി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തു.
ആലുവയിൽ നിന്നുള്ള ഒരു സ്ത്രീയും തട്ടിപ്പിനിരയായിരുന്നു. ഇവരുടെ ബന്ധുക്കൾ തിരുവനന്തപുരത്തുണ്ട്. അവർക്കു വേണ്ടി വീട് നോക്കുമ്പോഴാണ് ഒഎൽഎക്‌സിലെ പരസ്യം ശ്രദ്ധയിൽ പെട്ടത്. നേരിൽച്ചെന്ന് കണ്ടപ്പോൾ മൂന്ന് നില വീടിന്റെ രണ്ട് നില തരാമെന്ന് ശ്രീകുമാരൻ തമ്പി സമ്മതിച്ചു. അഡ്വാൻസായി 50,000 രൂപ ചോദിച്ചു. അതുകൊടുത്തു. പിന്നീട് ആറ് ലക്ഷമെന്നാണ് പരസ്യം കൊടുത്തിരുന്നതെങ്കിലും അഞ്ച് ലക്ഷത്തിന് ശ്രീകുമാരൻ തമ്പി ഉടനെ സമ്മതിച്ചു. പിന്നീട് നാല് ലക്ഷം രൂപ ആവശ്യപ്പെട്ടു. അതും ബാങ്കുവഴി ഇട്ടുകൊടുത്തു.
പിന്നീട് ശാസ്തമംഗലത്തെ പൈപ്പിന്മൂട് ജങ്ഷനിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് ഇത്തരത്തിൽ നിരവധി പേർ തട്ടിപ്പിനിരയാകുന്ന വിവരം അറിഞ്ഞത്. സംഗതി സത്യമാണോ എന്നറിയാൻ മറ്റ് രണ്ടുപേരെ വീട് നോക്കാനായി വിട്ടു. അവർ ചെന്ന് സംസാരിച്ചപ്പോൾ വീട് അവർക്ക് കൊടുക്കാമെന്നും ടോക്കൺ അഡ്വാൻസ് തരണമെന്നുമായി ശ്രീകുമാരൻ തമ്പി. അന്ന് തമ്പിയുടെ ആഡംബര കാറും ഒരു ചെറുകാറും പണം തിരിച്ചുതരുമ്പോൾ കൊടുക്കാമെന്ന കരാറിൽ പിടിച്ചെടുക്കുകയായിരുന്നു. നാല് ലക്ഷത്തിനു വേണ്ടി ആഡംബരകാർ നഷ്ടപ്പെടുത്താൻ കഴിയാത്തതു കൊണ്ടാകണം ശ്രീകുമാരൻ തമ്പി മര്യാദക്കാരനായി പണവുമായി എത്തി, കാർ എടുത്തുകൊണ്ടുപോയി. വസ്തു വിറ്റ് പണം തിരികെ കൊടുക്കാം എന്നായിരുന്നു ചോദിക്കാൻ ചെന്നപ്പോൾ ഇവരോട് തമ്പി പറഞ്ഞത്.
ശ്രീകുമാരൻ തമ്പിയെ തൊടാൻ എല്ലാവർക്കും പേടിയാണെന്നതാണ് വസ്തുത. കേരളത്തിലെ ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ഉടമകളാണ് ശ്രീകുമാരൻ തമ്പിയുടെ കുടുംബം. ഒരു സിപിഎം നേതാവിന്റെ മരുമകൾ ഇയാളുടെ തട്ടിപ്പിന് ഇരയായിരുന്നു. പാർട്ടി നേതാക്കൾ നേരിട്ട് ഇടപെട്ടാണ് പണം തിരികെ വാങ്ങിയത്. പാർട്ടിയോട് നേരിൽ വന്ന് പരാതി പറയുന്നവരെ പണം തിരികെ വാങ്ങാൻ സഹായിക്കാറുണ്ടെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കി. ഡിവൈഎഫ്‌ഐക്കാർ വീട്ടിൽച്ചെന്ന് പണം വാങ്ങിക്കൊടുത്ത പല സംഭവങ്ങളുണ്ടായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ