കണ്ണൂർ: ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്‌സ് എന്ന പേര് കേരളം ഇടക്കാലം കൊണ്ട മറന്നിരുന്നു. ഒളിമ്പിക്‌സിൽ മെഡൽ നേടിയ ഏക മലയാൡതാരമായ മാനുവലിനെ ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്ന സംഭവം മറുനാടനാണ് വാർത്തയാക്കിയത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ അദ്ദേഹത്തെ ക്ഷണിച്ചു വരുത്തി ആദരിക്കുകയും ചെയ്തു. ആ വേളയിലാണ് കേരളത്തിലെ ഏക ഒളിമ്പിക്‌സ് മെഡൽ ജേതാവ് ഇപ്പോഴും ജീവിതം തള്ളി നീക്കുന്നത് വാടക വീട്ടിലാണെന്ന് വ്യക്തമായത്. ഇതോടെ അദ്ദേഹത്തിന് രണ്ടാമതും സർക്കാർ ഭൂമി അനുവദിച്ചു. എന്നാൽ, ആ ഭൂമിയിലും നിയമക്കുരുക്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

തീരദേശ സംരക്ഷണ നിയമത്തിന്റെ (സിആർസെഡ്) പരിധിയിൽ വരുന്ന അഞ്ചു സെന്റ് സ്ഥലമാണു കേരളത്തിലെ ഒരേ ഒരു ഒളിംപിക് മെഡൽ ജേതാവിനു പതിച്ചുനൽകാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. കണ്ണൂർ കോർപറേഷനിലെ ചാലാട് ദേശം പള്ളിക്കുന്ന് വില്ലേജിലെ റീസർവേ 4/7ൽ പെട്ട അഞ്ചു സെന്റ് സ്ഥലം മാനുവൽ ഫ്രെഡറിക്‌സിനു വീടു നിർമ്മിക്കാൻ നൽകണമെന്നു രണ്ടാഴ്ച മുൻപാണ് അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. തുടർനടപടികൾ സ്വീകരിക്കാൻ കലക്ടർക്കു നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

നേരത്തേ കണ്ണൂർ കോർപറേഷനു കീഴിലെ പയ്യാമ്പലത്ത് ഒളിംപ്യനു ഭൂമി അനുവദിച്ചിരുന്നെങ്കിലും കോർപറേഷൻ മാസ്റ്റർപ്ലാൻ പ്രകാരം വീടു വയ്ക്കാൻ അനുമതി നിഷേധിക്കുകയായിരുന്നു. ഇതേത്തുടർന്നു കലക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നേരത്തേ നൽകിയ മൂന്നു സെന്റ് തിരിച്ചുവാങ്ങി ചാലാട് അഞ്ചു സെന്റ് ഭൂമി നൽകാൻ സർക്കാർ ഉത്തരവിട്ടത്. എന്നാൽ പയ്യാമ്പലം കടൽത്തീരത്തോടു ചേരുന്ന പ്രദേശം തീരദേശ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനു തടസ്സമുണ്ട്.

ഇതേത്തുടർന്നാണു വീടു നിർമ്മാണം അനന്തമായി നീളുമോ എന്ന ആശങ്ക ഉയർന്നത്. എന്നാൽ മാനുവൽ ഫ്രെഡറിക്‌സിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകി ഇളവു നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഭൂമി കൈമാറി മുൻപ് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് എത്രയും പെട്ടെന്നു വീട് നിർമ്മാണം പൂർത്തിയാക്കുമെന്നും റവന്യു അധികൃതർ അറിയിച്ചു.

ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾവല കാത്ത മലയാളി കായികതാരമാണ് മാനുവൽ ഫ്രെഡറിക്. കേരളത്തിന്റെ ചരിത്രത്തിൽ അദ്ദേഹം മാത്രമേ ഒളിമ്പിക്സിൽ മെഡൽ ജേതാവായിട്ടുള്ളൂ. 1972ൽ മ്യുണിക്ക് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഭാഗമായിരുന്നു മാനുവൽ ഫെഡറിക്. ഉത്തരേന്ത്യൻ ലോബിക്കു പോലും ഹോക്കിയുടെ സുവർണ്ണകാലത്ത് അംഗീകരിക്കേണ്ടി വന്ന പ്രതിഭ. പക്ഷേ സ്വന്തം നാട്ടിൽ ദേശീയകായികമേള നടക്കുമ്പോൾ അദ്ദേഹത്തെപ്പോലുള്ള ഒരാൾ അന്യനാകുന്നത് മലയാളികൾക്കാകെ അപമാനമാണ്. ഒരു കാലത്ത് രാജ്യത്തിന് അഭിമാനവും പ്രതീക്ഷയും നൽകിയിരുന്ന കായിക ഇനമായിരുന്നു ഹോക്കി.

ലോകത്തിലെ തന്നെ മികച്ച ഗോൾകീപ്പറായിരുന്നു മാനുവൽ ഫെഡറിക്. ഫ്രഡറിക മാനുവൽ വിരമിച്ചതിനു ശേഷം ഹോക്കിയിലെ പഴയ പ്രതാപം വീണ്ടെടുക്കാൻ ഇതുവരെയും ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ആർമി ടീമിൽ കളിക്കാരനായിരുന്ന അദ്ദേഹം വിരമിച്ചതിനുശേഷം കേരളത്തിലെ ഹോക്കി ടീമിനെ സുസജ്ജമാക്കാൻ ആഗ്രഹിച്ചിരുന്നു. അതിനായി സർക്കാരിനെയും, സ്പോർട്സ് കൗൺസിലിനെയും സമീപിച്ചുവെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. സൗജന്യമായി കേരളത്തിലെ ഹോക്കിടീമിനെ പരിശീലിപ്പിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നു. അതിനായി ഹോക്കി അക്കാദമിയുടെ നേതൃത്വം ഏറ്റെടുക്കാനും തയ്യാറായിരുന്നു.

എന്നാൽ കേരളത്തിലെ കായിക തമ്പുരാക്കന്മാർക്ക് ഫ്രഡറിക് മാനുവൽ എന്ന കായികപ്രതിഭയുടെ സേവനം ആവശ്യമില്ലായിരുന്നു. അവർക്ക് വേണ്ടത് ആജ്ഞാനുവർത്തികളായ ചില തൽപരകക്ഷികളെ മാത്രമായിരുന്നു. ഇത്തരം മനോഭാവമായിരുന്നു ഈ കായിക ഇനത്തിന്റെ തകർച്ചയ്ക്ക് കാരണമായതും. സ്ഥാനമാനങ്ങൾക്കോ, പ്രശസ്തിക്കോ വേണ്ടി പുറകെ നടക്കുന്ന സ്വഭാവവും അദ്ദേഹത്തിന് ഇല്ലായിരുന്നു. അതു നൽകിയ ജീവത പ്രാരാബ്ദങ്ങളും.

മൂന്ന് സെന്റ് ഭൂമിയുടെ പട്ടയത്തിനായിപോലും സർക്കാർ വാതിലുകൾ കയറി ഇറങ്ങി. ഒളിമ്പിക് മെഡൽ നേട്ടം കൈവരിച്ച എക മലയാളിക്ക് സ്വന്തമായി ഒരു നുള്ള് ഭൂമിയുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് മുൻപ് സർക്കാർ മൂന്ന് സെന്റ് ഭൂമി അനുവദിച്ചെങ്കിലും പട്ടയവും നൽകിയില്ല. പട്ടയത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന ഒളിംപ്യന്റെ ദുരവസ്ഥ തിരിച്ചറിഞ്ഞു. കണ്ണൂർ പയ്യാമ്പലത്താണ് മൂന്ന് സെന്റ് ഭൂമി അനുവദിച്ചിട്ടുള്ളത്. രണ്ടാഴ്‌ച്ച മുമ്പാണ് അദ്ദേഹത്തിന് സർക്കാർ വീണ്ടും ഭൂമി അനുവദിച്ചത്. അതാണ് ഇപ്പോഴും നിയമക്കുരുക്കിൽ കുടുങ്ങിയിരിക്കുന്നതും.