തിരുവനന്തപുരം: ഒളിമ്പിക്‌സിലെ ഇന്ത്യയുടെ അഭിമാന താരം വിജയകുമാറിന് നാഷണൽ ഗെയിംസിൽ പൊൻതിളക്കം. ഗെയിംസിലെ മൂന്നാം ദിനം വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിൽ നടന്ന 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിലാണ് സർവ്വീസസിന്റെ വിജയകുമാർ സ്വർണം നേടിയത്. 583 പോയിന്റോടെയാണ് വിജയകുമാർ തന്റെ ആധികാരിക ജയമുറപ്പിച്ചത്.

ഹിമാചൽ പ്രദേശിന്റെ സമരേഷ് ജംഗ് വെള്ളിയും സർവ്വീസസിന്റെ തന്നെ തമംഗ് പെംബ വെങ്കലവും നേടി. 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ടീം ഇനത്തിൽ സ്വർണം സർവ്വീസസ് കരസ്ഥമാക്കി. 1733 പോയിന്റ് നേടിയാണ് സർവ്വീസസ് സ്വർണ്ണ നേട്ടം ഉറപ്പിച്ചത്. മധ്യപ്രദേശ് വെള്ളിയും ഹരിയാന വെങ്കലവും നേടി.

2012ൽ ലണ്ടനിൽ നടന്ന ഒളിമ്പിക്‌സിൽ 25 മീറ്റർ ഫയർ റാപ്പിഡ് പിസ്റ്റളിൽ വെള്ളി നേടിയാണ് വിജയ് കുമാർ ഇന്ത്യയുടെ മിന്നും താരമായി മാറിയത്. നാലാമനായി ഫൈനലിലെത്തിയ വിജയകുമാർ അന്ന് മുപ്പത് പോയിന്റ് നേടിയാണ് മെഡലുറപ്പിച്ചത്. ഇന്ത്യയുടെ ഒളിമ്പിക്‌സിലെ രണ്ടാമത്തെ മെഡൽ നേട്ടമായിരുന്നു അത്.

കളിക്കളങ്ങളിലെ നേട്ടങ്ങൾക്ക് 2007ൽ അർജുന അവാർഡ് നൽകിയും 2012ൽ കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേൽരത്‌നയും നൽകി രാജ്യം വിജയകുമാർ എന്ന അതുല്യ പ്രതിഭയെ ആദരിച്ചിട്ടുണ്ട്.