ടോക്കിയോ: കോവിഡ് പ്രതിസന്ധിയെ വെല്ലുവിളിച്ചുകൊണ്ട് നടത്തുന്ന ടോക്കിയോ ഓളിംപിക്സ്വില്ലേജ് ഇന്നലെ സംഘാടകർ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു. ഏകദേശം 12,000 അത്ലറ്റുകൾ താമസിക്കുകയും തമ്മിൽ തമ്മിൽ സമ്പർക്കം പരിചയപ്പെടുകയും സമ്പർക്കം പുലർത്തുകയും ഒക്കെ ചെയ്യുന്ന ഈ ആഗോള ഗ്രാമത്തിലെ വിശേഷങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനായാണ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ വില്ലേജ്തുറന്നത്. കായികതാരങ്ങൾക്കും കൂടെയെത്തുന്ന ശുദ്യോഗിക പ്രതിനിധികൾക്കും താമസിക്കുവാനുള്ള അപ്പാർട്ട്മെന്റുകളും ഷോപ്പിങ് കോംപ്ലെക്സും ഒക്കെ ചേർന്നതാണ് ഓളിംപിക്സ് വില്ലേജ്.

2020 ജൂലായ് 24 മുതൽ ഓഗസ്റ്റ് 9 വരെയായിരുന്നു ഈ കായിക മാമാങ്കം നടത്തുവാൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ലോകത്താകെ കാട്ടുതീ പോലെ പടർന്നുപിടിച്ച കോവിഡ് മഹാമാരിയുടേ പശ്ചാത്തലത്തിൽ, ചരിത്രത്തിലാദ്യമയി ഒളിംപിക്സ് നീട്ടിവയ്ക്കേണ്ടതായി വന്നു. ഒരു വർഷത്തോളം നീട്ടിവയ്ക്കപ്പെട്ട ഒളിംപിക്സ് മത്സരങ്ങൾ 2021 ജൂലായ് 23 ന് ആരംഭിച്ച് ഓഗസ്റ്റ് 8 ന് അവസാനിക്കും. ജൂലായ് 23 ന് പ്രാദേശിക സമയംവൈകിട്ട് 8 മണിക്ക് ആയിരിക്കും ഉദ്ഘാടന ചടങ്ങുകൾ നടത്തുക.

ജപ്പാനിൽ കോവിഡ് വ്യാപനം ഉണ്ടെങ്കിലും മറ്റു പല രാജ്യങ്ങളിലേതുപോലെ വിസ്ഫോടകാത്മകമായ ഒരു സാഹചര്യം ഉണ്ടായിട്ടില്ല. അതേസമയം ജപ്പാന്റെ വാക്സിൻ പദ്ധതിയും വളരെ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. ഒളിംപൊക്സ് നടത്തുവാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ആരോഗ്യമേഖലയിൽ നിന്നും കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ അശങ്ക ശരിവയ്ക്കുന്ന വിധത്തിൽ കഴിഞ്ഞ ശനിയാഴ്‌ച്ച, ഒളീംപിക്സുമായി ബന്ധപ്പെട്ട ഒരു പ്രിപ്പറേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയ ഒരു ഉഗാണ്ടൻ താരത്തിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

അതേസമയം മത്സരത്തിനെത്തുന്ന കായികതാരങ്ങളെയെല്ലാം ദിവസേന കോവിഡ് പരിശോധനക്ക് വിധേയരാക്കും. മാത്രമല്ല, ഇവരെ വില്ലേജിനു പുറത്തേക്കും അകത്തേക്കും പ്രത്യേക വാഹനങ്ങളിലായിരിക്കും കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യുക. മത്സരങ്ങൾ നടക്കുന്ന സമയത്ത് ആർപ്പുവിളിച്ചും പാട്ടുപാടിയും ഇഷ്ട ടീമുകളേയും താരങ്ങളേയും പ്രോത്സാഹിപ്പിക്കുവാൻ ഇത്തവണ അനുവാദം ഉണ്ടായിരിക്കുന്നതല്ല. നിശബ്ദത തളം കെട്ടുന്ന ഒളിംപിക്സ് വേദികളിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.

അതുപോലെ, വില്ലേജിനകത്ത് ഭക്ഷണം കഴിക്കുമ്പോഴും, പരിശീലനത്തിൽ പങ്കെടുക്കുമ്പോഴും, മത്സരിക്കുമ്പോഴും, ഉറങ്ങുമ്പോഴും അല്ലാത്ത സമയത്തൊക്കെകായികതാരങ്ങളും നിർബന്ധമായി മാസ്‌ക് ധരിച്ചിരിക്കണം. പരമാവധി 4,500 പേർക്ക് വരെഒരുസമയം ഇരിക്കാവുന്ന വിസ്തൃതമായ ഒരു തീന്മുറിയാണ് വില്ലേജിൽ ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമേ രണ്ട് ചെറിയ ഹോളുകളും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ, കായികതാരങ്ങൾ കൂട്ടത്തോടെ ഭക്ഷണം കഴിക്കാൻ എത്തുന്നത് നിരോധിച്ചിരിക്കുകയാണ്. സാമൂഹിക അകലം പാലിച്ച് വേണം ഈ തീന്മുറിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുവാൻ.

ഗ്രാമത്തിലെ വിസ്തൃതമായ ഷോപ്പിങ് ഏരിയയിൽ എ ടി എം കൗണ്ടറുകൾ, ഡ്രൈ ക്ലീനർ, പോസ്റ്റ് ഓഫീസ്, ബാങ്ക്, കൊറിയർ സർവ്വീസ് തുടങ്ങിയ അത്യാവശ്യ സേവനകേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. വുഡൻ പ്ലാസ എന്ന് പേരിട്ടിരിക്കുന്ന ഈ ഷോപ്പിങ് കേന്ദ്രം ഏതാണ്ട് പൂർണ്ണമായും തടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനാവശ്യമായ 40,000 തടികൾ ജപ്പാനിലെ 63 മുൻസിപ്പാലിറ്റികളാണ് സംഭാവന ചെയ്തിരിക്കുന്നത്. ഈ മരത്തടികൾ സംഭവന ചെയ്ത മുൻസിപ്പാലിറ്റികളുടെ പേരുകൾ അതാത് തടികളിൽ എഴുതി വച്ചിട്ടുണ്ട്. ഒളിംപിക്സിനു ശേഷം ഈ ഷോപ്പിങ് സെന്റർ പൊളിച്ചുമാറ്റി, തടികൾ അവ നൽകിയ മുൻസിപ്പാലിറ്റികൾക്ക് തിരികെ നൽകും. പ്രാദേശിക നിർമ്മിതികൾക്കായി ഇത് ഉപയോഗിക്കും.