രോ ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങുകളും അത്ഭുതങ്ങളുടെ കലവറകളായിരിക്കും. എന്നാൽ, റിയോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിൽ അത്തരം അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് സൂചന. ചെലവുചുരുക്കൽ പരിപാടികളുടെ ഭാഗമായി ഉദ്ഘാടന, സമാപന ചടങ്ങുകളുടെ തുക ഗണ്യമായി വെട്ടിക്കുറച്ചിരിക്കുകയാണ്.

ലണ്ടനിലോ ബെയ്ജിങ്ങിലോ നടന്ന മുൻ ഗെയിംസുകളുടെയത്ര പ്രഭയൊന്നും റിയോയിലുണ്ടാകില്ലെന്ന് രണ്ട് ചടങ്ങുകളുടെയും ക്രിയേറ്റീവ് ഡയറക്ടറായ ഫെർണാണ്ടോ മെയ്‌റാലസ് പറഞ്ഞു. ചെലവുചുരുക്കുകയെന്ന നിർബന്ധത്തിന് വഴങ്ങേണ്ടിവന്നതോടെയാണ് രണ്ടു ചടങ്ങുകളും ചുരുങ്ങിയ നിലയിലാക്കേണ്ടിവന്നത്.

മാരക്കാന സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനവും സമാപനവും നടക്കുന്നത്. ബ്രസീലിലെ സാമ്പത്തിക പ്രതിസന്ധിയാണ് ചടങ്ങുകളുടെ കൊഴുപ്പുകുറയ്ക്കാൻ സംഘാടകരെ നിർബന്ധിതരാക്കിയത്. 11.39 കോടി ഡോളറാണ് ഒളിമ്പിക്‌സിന്റെയും തുടർന്നുള്ള പാരലിമ്പിക്‌സിന്റെയും ഉദ്ഘാടന, സമാപന ചടങ്ങുകൾക്കായി ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ, വിവിധ കാര്യങ്ങളിൽ ചെലവ് ചുരുക്കിയതോടെ ഇപ്പോൾ അനുവദിച്ചിട്ടുള്ളത് 5.59 കോടി ഡോളർ മാത്രമായി.

ലണ്ടനിലും ബെയ്ജിങ്ങിലും വർണാഭമായ ചടങ്ങുകളായിരുന്നു സംഘാടകർ ഒരുക്കിയിരുന്നത്. ലണ്ടനിലേക്കാൾ 12 മടങ്ങ് കുറവും ബെയ്ജിങ്ങിലേക്കാൾ 20 മടങ്ങ് കുറവുമാണ് റിയോയിൽ അനുവദിച്ചിട്ടുള്ളത്. ലണ്ടനിൽ ചടങ്ങുകളൊരുക്കിയത് ഓസ്‌കർ അവാർഡ് ജേതാവായ ഡാനി ബോയ്‌ലായിരുന്നു.

ഉദ്ഘാടന, സമാപന ചടങ്ങുകളിലെ കലാവിരുന്നിനായി നേരത്തെ നിശ്ചയിച്ചിരുന്നത് 3000 പേരെയാണ്. എന്നാൽ ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ആളുകളുടെ എണ്ണം 700 ആയി കുറച്ചു. ബ്രസീലിയൻ സൂപ്പർ മോഡൽ ഗിസ്‌ലെ ബുണ്ട്‌ചെനെപ്പോലുള്ള സെലിബ്രിറ്റികളാകും ചടങ്ങിലെ മുഖ്യ ആകർഷണം.