ളിമ്പിക് സ്റ്റേഡിയത്തിന് സമീപത്തു വച്ച് തോക്കു ചൂണ്ടി റഷ്യൻ ഡിപ്ലോമാറ്റിനെ കൊള്ളയടിക്കാൻ ശ്രമിച്ച കൊള്ളക്കാരനെ ഡിപ്ലോമാറ്റ് തന്നെ വെടിവച്ചു കൊന്നു. ഒളിമ്പിക്‌സ് തുടങ്ങാൻ ഏതാനും മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് സ്റ്റേഡിയത്തിന് സമീപം നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. ബ്രസീലിയൻ അഭിഭാഷകനും റഷ്യൻ കോൺസുലേറ്റിലെ വൈസ് കോൺസുൽ പദവി വഹിക്കുന്നയാളുമായ മാർക്കോസ് സീസർ ഫെരസ് ബ്രാഗയ്ക്കു നേരെയാണ് കൊള്ളശ്രമം നടന്നത്.

തന്റെ ബിഎംഡബ്ല്യൂ കാറിൽ യാത്ര ചെയ്യുകയായിരുന്ന ബ്രാഗ ട്രാഫിക് ബ്ലോക്കിനെ തുടർന്ന് വാഹനം നിർത്തിയിട്ടിരിക്കുമ്പോഴാണ് മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ തോക്കു ചൂണ്ടി അടുത്തെത്തുന്നത്. കാറിന്റെ വിൻഡോ ഗ്ലാസ് തകർത്ത അക്രമി തോക്കു ചൂണ്ടി ഡിപ്ലോമാറ്റിനോട് വാച്ച് ഊരിക്കൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അക്രമിയെ കാറിനുള്ളിലേക്ക് വലിച്ചിട്ട ശേഷം ഡിപ്ലോമാറ്റ് ഇയാളുടെ തോക്ക് കൈവശപ്പെടുത്തി വെടിവയ്ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ തോക്കിനിരയായതോടെ രണ്ടാമൻ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.

കാറിനുള്ളിൽ ഏതാനും നിമിഷം നടന്ന പിടിവലിക്കു ശേഷമാണ് അക്രമിയുടെ തോക്ക് ബ്രാഗയ്ക്ക് കൈവശപ്പെടുത്താനായത്. ആയോധന വിദ്യയിൽ പ്രാവീണ്യം നേടിയിട്ടുള്ള റഷ്യൻ ഡിപ്ലോമാറ്റിന് അതുകൊണ്ടു തന്നെ അക്രമിയെ കീഴ്‌പ്പെടുത്താനായി. ഭാര്യയ്ക്കും മകൾക്കുമൊപ്പമാണ് ബ്രാഗ യാത്ര ചെയ്തിരുന്നത്. ഒളിമ്പിക് പാർക്കിനു സമീപം ഒളിമ്പിക് ടോർച്ചുമായുള്ള പ്രയാണം കടന്നു പോയതിന് തൊട്ടുപിന്നാലെയാണ് അക്രമം അരങ്ങേറുന്നത്. ഒളിമ്പിക് ടോർച്ച് പ്രയാണത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് മാറാൻ കാത്തുകിടക്കവേയാണ് ഡിപ്ലോമാറ്റിനു നേരെ കൊള്ളശ്രമം ഉണ്ടാകുന്നത്.

സംഭവത്തിൽ റിയോയിലെ ഹോമിസൈഡ് പൊലീസ് സ്‌റ്റേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിമ്പിക് സ്റ്റേഡിയത്തിന് സമീപം തന്നെ ഇത്തരത്തിൽ അക്രമം അരങ്ങേറിയത് ബ്രസീലിന്റെ കുപ്രശസ്ത അക്രമവാസനയുടെ ഓർമപ്പെടുത്തലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിപ്ലോമാറ്റ് ആക്രമിക്കപ്പെട്ടതിന്റെ റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിൽ വന്നതോടെ ഇവിടത്തെ അക്രമി സംഘങ്ങൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് യുഎസ് തങ്ങളുടെ പൗര•ാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അക്രമികൾ വിളയാടുന്ന ബ്രസീലിയൻ തെരുവുകളിൽ ഒളിമ്പിക്‌സിന് മുന്നോടിയായി 80,000ത്തിലധികം സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.