രു പക്ഷേ റിയോ ഒളിമ്പിക്‌സിലെ ഏത് സുവർണവിജയനിമിഷങ്ങളേക്കാളും തിളക്കമുണ്ടാവുക ഈ നിമിഷങ്ങൾക്കായിരിക്കും. വനിതകൾക്കായുള്ള 5000 മീറ്റർ ഓട്ടമത്സരം നടക്കുമ്പോഴാണിത് സംഭവിച്ചിരിക്കുന്നത്. അമേരിക്കയുടെ അബെ ഡിഅഗോസ്റ്റിനോ എന്ന താരം ന്യൂസിലാൻഡിന്റെ നിക്കി ഹംബ്ലിന്റെ കാലിൽ തട്ടി വീണതിനെ തുടർന്നായിരുന്നു ഈ അപൂർവ കാഴ്ചയുണ്ടായത്. അതായത് ഹംബ്ലിൻ തുടർന്ന് അഗ്‌നോസ്റ്റിനോയെ കൈപിടിച്ച് എഴുന്നേൽപ്പിക്കുകയും പിന്നീട് ഓട്ടം തുടരുകയുമായിരുന്നു.സെക്കൻഡിന്റെ ഓരോ അംശത്തിനും വിലയുള്ള കടുത്ത മത്സരവേളയിലാണ് ഹബ്ലിൻ ഈ ദയാവായ്പ് പ്രകടിപ്പിച്ചതെന്നാണ് ഏറ്റവും ശ്രദ്ധേയമായിത്തീർന്നിരിക്കുന്നത്. ഇരുതാരങ്ങളും മത്സരത്തിന്റെ 3000 മീറ്റർ പിന്നിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിനിടയിലായിരുന്നു ഇന്നലെ ഈ വീഴ്ചയുണ്ടായത്. അടുത്തടുത്തായി കുതികുതിക്കുന്ന വേളയിൽ ഹബ്ലിന്റെ കാലിന്റെ ഉപ്പൂറ്റിയിൽ തട്ടിയിട്ടായിരുന്നു അഗോസ്റ്റിനോ നിലത്തേക്ക് ഇടറി വീണിരുന്നത്.

എന്നാല് കൂടെയുള്ള ആൾ വീണതിനെ അവഗണിച്ച് മെഡൽ നേടാൻ കുതികുതിക്കാൻ ഹബ്ലിന് സാധിക്കുമായിരുന്നില്ല. അതിനെ തുടർന്നാണ് അവർ സഹതാരത്തെ കൈപിടിച്ച് എഴുന്നേൽപ്പിച്ച് വീണ്ടും ഓട്ടം തുടർന്നത്. മെഡൽ നേടാനുള്ള അപൂർവ അവസരം വേണ്ടെന്ന് വച്ചിട്ടാണ് ഹബ്ലിൻ ഈ ഉദാരമനസ്‌കത പ്രകടിപ്പിച്ചിരിക്കുന്നതെന്നറിയുമ്പോഴാണ് ആ സത്പ്രവർത്തിക്ക് സ്വർണമെഡലിനേക്കാൾ തിളക്കമേറുന്നത്. അപൂർവ അവസരം നഷ്ടപ്പെട്ടിട്ടും ആ വേളയിൽ ഇരു വനിതാ താരങ്ങളും മറ്റെവിടെയും കാണാത്ത സഹവർത്തിത്വമാണ് പ്രടിപ്പിച്ചത്. തൽഫലമായി മത്സരം കഴിഞ്ഞിട്ടും ക്യാമറകൾ അവരെ തന്നെയായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഒരു പക്ഷേ മത്സരത്തിൽ സ്വർണമെഡൽ നേടിയ താരത്തേക്കാൾ ശ്രദ്ധ ഇവർക്കായിരിക്കും ലഭിച്ചിട്ടുണ്ടാവുക.

വീഴ്ചയിൽ പരുക്കേറ്റതിനാൽ വേദന കടിച്ച് പിടിച്ച് വേച്ച് വേച്ചായിരുന്നു അവർ എഴുന്നേറ്റ് നടന്നിരുന്നത്. എങ്കിലും ഓട്ടം തുടർന്നിരുന്നു. 15;04;35 മിനുറ്റ് സമയമെടുത്ത് അൽമാസ് അയനയാണ് മത്സരത്തിൽ വിജയിച്ചിരിക്കുന്നത്. സഹതാരത്തെ സഹായിക്കാൻ സമയമെടുത്തിട്ടും ഹബ്‌ലിൻ 16;43 മിനുറ്റ് സമയമെടുത്ത് ലക്ഷ്യത്തിലെത്തി.അഗോസ്റ്റിനോ 17;10;02 മിനുറ്റ് സമയമെടുത്താണ് ലക്ഷ്യത്തിലെത്തിയത്. ഇതിന് മുമ്പ് അവർ 15; 03 മിനുറ്റ് സമയമെടുത്ത് ഈ ഇവന്റിൽ ഫിനിഷിങ് പോയിന്റിലെത്തിയിയരുന്നു. ലക്ഷ്യസ്ഥാനത്തെത്തിയ ഇരുതാരങ്ങളും തങ്ങളുടെ സ്‌നേഹം കെട്ടിപ്പിടിച്ചാണ് പ്രകടമാക്കിയത്. തുടർന്ന് അഗോസ്റ്റിനോയെ വീൽ ചെയറിലാണ് കൊണ്ടു പോയതെങ്കിലും അവരുടെ മുഖത്ത് ഒരു സംതൃപ്തിയുടെ ചിരി അവശേഷിക്കുന്നുണ്ടായിരുന്നു. തുടർന്ന് അവരെ എംആർഐ സ്‌കാനിംഗിന് വിധേയയാക്കുകയും ചെയ്തു. മത്സരത്തിനിടയിൽ വീണ് പോയെങ്കിലും ഇത് പരിഗണിച്ച് ഇരുതാരങ്ങളെയും വെള്ളിയാഴ്ച നടക്കുന്ന 5000മീറ്റർ ഫൈനലിൽ മത്സരിക്കാൻ പ്രമോട്ട് ചെയ്തിട്ടുണ്ട്.