ടോക്യോ: വനിതാ ഫുട്‌ബോൾ ലോകകപ്പ് ജേതാക്കളായ അമേരിക്കയെ അട്ടിമറിച്ച് കാനഡ ഒളിമ്പിക്സ് വനിതാ ഫുട്ബോളിന്റെ ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് കാനഡ കരുത്തരായ അമേരിക്കയെ കീഴടക്കിയത്.

2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ കാനഡ ടീം ഇത്തവണ സ്വർണത്തിലേക്ക് കുതിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

74-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജെ.ഫ്ളെമിങ്ങാണ് കാനഡയുടെ വിജയഗോൾ നേടിയത്. ചരിത്രത്തിൽ ഇതാദ്യമായാണ് കാനഡ വനിതാ ഫുട്ബോൾ ടീം ഒളിമ്പിക്സിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. 

ഫൈനലിൽ ഓസ്ട്രേലിയയോ സ്വീഡനോ ആയിരിക്കും കാനഡയുടെ എതിരാളികൾ. തോറ്റെങ്കിലും അമേരിക്ക വെങ്കല മെഡലിനായി മത്സരിക്കും. ഒളിമ്പിക്സിൽ ഏറ്റവുമധികം തവണ കിരീടം നേടിയ നിലവിലെ ലോകകപ്പ് ജേതാക്കളായ അമേരിക്കയ്ക്ക് വലിയ ഞെട്ടലാണ് ഇത് സമ്മാനിച്ചിരിക്കുന്നത്.

 

1996 മുതലാണ് ഒളിമ്പിക്സിൽ വനിതാ ഫുട്ബോൾ ആരംഭിച്ചത്. അന്നുമുതൽ കൂടുതൽ തവണ അമേരിക്കയാണ് സ്വർണം നേടിയത്. 1996, 2004, 2008, 2012 വർഷങ്ങളിൽ ടീം സ്വർണം നേടി.