- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉസൈയ്ൻ ബോൾട്ടിനെ ഇന്ത്യൻ ട്രാക്കിൽ ഓടാൻ ക്ഷണിക്കേണ്ടേ? ദേശീയ മത്സരങ്ങളിലും ആഫ്രിക്കൻ വംശജരെ മത്സരിപ്പിക്കണം; അത്ലറ്റിക്‌സിൽ മെഡൽ നേടാൻ കറുപ്പഴകിന്റെ പിന്നാലെ പായുന്ന കഥ
അത്ലറ്റിക്സ് എന്നു കേൾക്കുമ്പോളൊക്കെ ട്രാക്കിലോടുന്ന അത്ലറ്റുകളുടെ ചിത്രമാണു മനസ്സിലോടിയെത്താറ്. ലോങ്ങ് ജമ്പ്, ഹൈജമ്പ്, ട്രിപ്പിൾ ജമ്പ്, ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ, ഹാമർ ത്രോ, ജാവലിൻ ത്രോ, പോൾ വോൾട്ട് എന്നിങ്ങനെ പല ഇനങ്ങളും അത്ലറ്റിക്‌സിലുൾപ്പെടുന്നുണ്ടെങ്കിലും, ഓട്ടത്തിനാണ് ഏറ്റവും പ്രിയം. കാണികൾ ഓടിക്കൂടുന്നത് ഓട്ടം കാണാനായതുകൊണ്ട്, ഏറ്റവുമധികം ''ഗ്‌ളാമർ'' ഓട്ടത്തിനും ഓട്ടക്കാർക്കും തന്നെ. വിവിധ ഇനങ്ങൾ ഓട്ടത്തിലുമുണ്ട്: നൂറു മീറ്റർ, നൂറ്റിപ്പത്തു മീറ്റർ ഹർഡിൽസ്, ഇരുനൂറു മീറ്റർ, നാനൂറു മീറ്റർ, നാനൂറു മീറ്റർ ഹർഡിൽസ്, എണ്ണൂറു മീറ്റർ, ആയിരത്തഞ്ഞൂറു മീറ്റർ, മൂവായിരം മീറ്റർ സ്റ്റീപ്പിൾ ചേസ്, അയ്യായിരം മീറ്റർ, പതിനായിരം മീറ്റർ, പിന്നെ, 42 കിലോമീറ്റർ നീണ്ട മാരത്തോണും. ഇത്രയുമിനങ്ങൾ ഓട്ടത്തിൽപ്പെടുന്നു. വെടിയൊച്ച കേട്ടയുടൻ വെടി കൊള്ളാതിരിക്കാൻ മരണപ്പാച്ചിൽ നടത്തുന്നതു പോലുള്ള നൂറു മീറ്റർ സ്പ്രിന്റ് ലോകത്തിലെ ഏറ്റവുമധികം വേഗമുള്ള വ്യക്തിയേതെന്നു കണ്ടെത്തുന്നു. ഓട്ടങ്ങളിലെ ഗ്ളാമർ ഇനവും അതു
അത്ലറ്റിക്സ് എന്നു കേൾക്കുമ്പോളൊക്കെ ട്രാക്കിലോടുന്ന അത്ലറ്റുകളുടെ ചിത്രമാണു മനസ്സിലോടിയെത്താറ്. ലോങ്ങ് ജമ്പ്, ഹൈജമ്പ്, ട്രിപ്പിൾ ജമ്പ്, ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ, ഹാമർ ത്രോ, ജാവലിൻ ത്രോ, പോൾ വോൾട്ട് എന്നിങ്ങനെ പല ഇനങ്ങളും അത്ലറ്റിക്‌സിലുൾപ്പെടുന്നുണ്ടെങ്കിലും, ഓട്ടത്തിനാണ് ഏറ്റവും പ്രിയം. കാണികൾ ഓടിക്കൂടുന്നത് ഓട്ടം കാണാനായതുകൊണ്ട്, ഏറ്റവുമധികം ''ഗ്‌ളാമർ'' ഓട്ടത്തിനും ഓട്ടക്കാർക്കും തന്നെ. വിവിധ ഇനങ്ങൾ ഓട്ടത്തിലുമുണ്ട്: നൂറു മീറ്റർ, നൂറ്റിപ്പത്തു മീറ്റർ ഹർഡിൽസ്, ഇരുനൂറു മീറ്റർ, നാനൂറു മീറ്റർ, നാനൂറു മീറ്റർ ഹർഡിൽസ്, എണ്ണൂറു മീറ്റർ, ആയിരത്തഞ്ഞൂറു മീറ്റർ, മൂവായിരം മീറ്റർ സ്റ്റീപ്പിൾ ചേസ്, അയ്യായിരം മീറ്റർ, പതിനായിരം മീറ്റർ, പിന്നെ, 42 കിലോമീറ്റർ നീണ്ട മാരത്തോണും. ഇത്രയുമിനങ്ങൾ ഓട്ടത്തിൽപ്പെടുന്നു.
വെടിയൊച്ച കേട്ടയുടൻ വെടി കൊള്ളാതിരിക്കാൻ മരണപ്പാച്ചിൽ നടത്തുന്നതു പോലുള്ള നൂറു മീറ്റർ സ്പ്രിന്റ് ലോകത്തിലെ ഏറ്റവുമധികം വേഗമുള്ള വ്യക്തിയേതെന്നു കണ്ടെത്തുന്നു. ഓട്ടങ്ങളിലെ ഗ്ളാമർ ഇനവും അതു തന്നെ. അതിലെ ജേതാവു തന്നെ അത്ലറ്റിക്സിലെ താരവും. തുടർച്ചയായി മൂന്ന് ഒളിമ്പിക്‌സുകളിൽ നൂറു മീറ്റർ സ്പ്രിന്റിലെ ജേതാവായ ജമൈക്കക്കാരൻ ഉസെയ്ൻ ബോൾട്ട് താരങ്ങളിലെ താരമാണ്. നൂറു മീറ്റർ കഴിഞ്ഞാൽ അടുത്ത ഇനം ഇരുനൂറു മീറ്ററാണ്. ഇരുനൂറു മീറ്ററിലും കഴിഞ്ഞ മൂന്നു തവണയായി ബോൾട്ടു തന്നെ ജേതാവ്. ഇവ രണ്ടിലും മാത്രമല്ല, 100 മീറ്റർ x 4 റിലേയിലും, ബോൾട്ടും കൂട്ടരും തന്നെ ജേതാക്കൾ; അതും മൂന്നു തവണ. അങ്ങനെ, മൂന്നു സ്വർണം വീതം മൂന്ന് ഒളിമ്പിക്‌സിലും നേടിയ ജേതാവാണു ബോൾട്ട്: ട്രിപ്പിളിന്റെ ട്രിപ്പിൾ!
അമേരിക്കൻ ഐക്യനാടുകൾക്കും ദക്ഷിണ അമേരിക്കയ്ക്കുമിടയിലുള്ള കരീബിയൻ കടലിലെ ദ്വീപുകളിലൊന്നാണ് ഉസെയ്ൻ ബോൾട്ടിന്റെ ജന്മദേശമായ ജമൈക്ക. വെസ്റ്റിന്റീസ് ക്രിക്കറ്റ് ടീമിൽ പല സ്വതന്ത്ര, പരമാധികാര രാഷ്ട്രങ്ങളിൽ നിന്നുള്ള കളിക്കാരുമുണ്ട്. ആ രാഷ്ട്രങ്ങളിലൊന്നാണു ജമൈക്ക. ട്വെന്റി ട്വെന്റിയിൽ വെടിക്കെട്ടുതിർക്കുന്ന ക്രിസ് ഗെയ്ൽസ് ജമൈക്കക്കാരനാണ്. വെസ്റ്റിന്റീസിന്റെ മികച്ച ഫാസ്റ്റ് ബൗളർമാരിലൊരാളും ക്യാപ്റ്റനുമായിരുന്ന കോർട്ട്നി വാൽഷും ജമൈക്കക്കാരനായിരുന്നു.
ക്രിസ്റ്റഫർ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്നു പറയാറുണ്ടെങ്കിലും, ക്യൂബയുടെ കിഴക്ക്, അറ്റ്‌ലാന്റിക്കിൽ, ബഹാമാസിൽപ്പെട്ട സാൻ സാൽവഡോർ എന്ന ചെറു ദ്വീപിലായിരുന്നു, കൊളംബസ് 1492ൽ ആദ്യമായി കപ്പലിറങ്ങിയിരുന്നത്. അവിടുന്നദ്ദേഹം ക്യൂബയിലും, ഇപ്പോഴത്തെ ഡൊമിനിക്കൻ റിപ്പബ്‌ളിക്കിൽ പെട്ട സാന്റോ ഡോമിംഗോയിലും ചെന്ന്, അമേരിക്കൻ വൻകരയിൽ കാലുകുത്താതെ, മടങ്ങിപ്പോയി. രണ്ടു വർഷത്തിനു ശേഷം വീണ്ടും വന്നപ്പോൾ അദ്ദേഹം ജമൈക്ക സന്ദർശിച്ചിരുന്നു. കൊളംബസ് ഇറ്റലിക്കാരനായിരുന്നെങ്കിലും, സ്‌പെയിനിനു വേണ്ടിയായിരുന്നു, അദ്ദേഹത്തിന്റെ സഞ്ചാരങ്ങൾ. അദ്ദേഹത്തെ പിൻതുടർന്നു സ്‌പെയിൻകാർ വൻ തോതിൽ ജമൈക്കയിലെത്തി, അവിടം അവരുടെ കോളണിയാക്കി. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ബ്രിട്ടൻ ജമൈക്കയെ തങ്ങളുടെ അധീനതയിലാക്കി. ബ്രിട്ടന്റെ കീഴിൽ ജമൈക്ക ഏറ്റവുമധികം പഞ്ചസാര ഉല്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളിലൊന്നായി മാറി. കരിമ്പിൻ തോട്ടങ്ങളിൽ അടിമപ്പണിക്കായി ബ്രിട്ടീഷുകാർ ആഫ്രിക്കയിൽ നിന്ന് ആളുകളെ ഇറക്കുമതി ചെയ്തു. അങ്ങനെ കറുത്ത നിറമുള്ളവർ ജമൈക്കയിലെ ഭൂരിപക്ഷനിവാസികളായി. ഇപ്പോൾ ജമൈക്കയിലെ 92 ശതമാനം ജനങ്ങളും കറുത്ത നിറമുള്ളവരാണ്; ഉസെയ്ൻ ബോൾട്ടുൾപ്പെടെ.
ബോൾട്ടിനെപ്പോലെ, ആഫ്രിക്കൻ ഭൂഖണ്ഡം ഉപേക്ഷിച്ചുപോന്നിട്ടു മൂന്നു ശതാബ്ദക്കാലമായെങ്കിലും, ആഫ്രിക്കയുമായി ജനിതകബന്ധമുള്ള അത്ലറ്റുകൾ ഒളിമ്പിക്‌സിന്റെ ഓട്ടമത്സരങ്ങളിൽ ജേതാക്കളാകാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. 1932ലെ ഒളിമ്പിക്‌സിൽ നൂറു മീറ്റർ സ്പ്രിന്റിൽ സ്വർണമെഡൽ നേടിയ, അമേരിക്കക്കാരനായിരുന്ന എഡ്ഡീ ടോലൻ കറുത്ത നിറക്കാരനായിരുന്നു. 1936ലെ ഒളിമ്പിക്‌സിൽ നൂറു മീറ്റർ സ്പ്രിന്റിൽ ജേതാവായത് എക്കാലത്തേയും മഹാനായ അത്ലറ്റ് എന്നറിയപ്പെടുന്ന ജെസ്സി ഓവൻസ് ആയിരുന്നു. ജെസ്സി ഓവൻസും അമേരിക്കക്കാരനായിരുന്നു, കറുത്ത നിറക്കാരനുമായിരുന്നു. രണ്ടാം ലോകമഹായുദ്ധം മൂലം 1940, 1944 എന്നീ വർഷങ്ങളിൽ ഒളിമ്പിക്‌സുണ്ടായില്ല.
അമേരിക്കയെ പ്രതിനിധീകരിച്ച് നൂറു മീറ്ററിൽ 1948ൽ സ്വർണം നേടിയ ഹാരിസൻ ഡില്ലേർഡ്, 1968ൽ സ്വർണം നേടിയ ബോബ് ഹേയ്‌സ്, 1972ൽ സ്വർണം നേടിയ ജിം ഹൈൻസ്, ഇവരെല്ലാം കറുത്ത നിറക്കാരായിരുന്നു. 1976ലെ നൂറു മീറ്റർ സ്വർണം കൊണ്ടുപോയതും കറുത്ത നിറക്കാരൻ തന്നെ: വെസ്റ്റിന്റീസിൽപ്പെട്ട ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിന്നുള്ള ഹാസ്ലി ക്രോഫോർഡ്. ഒരൊളിമ്പിക്‌സു കൂടി കഴിഞ്ഞപ്പോൾ വന്നൂ, ''ദ ഗ്രെയ്റ്റ്'' കാൾ ലൂയിസ്: അമേരിക്കക്കാരനും കറുത്ത നിറക്കാരനുമായിരുന്ന കാൾ ലൂയിസ് രണ്ടൊളിമ്പിക്‌സിൽ നൂറു മീറ്റർ ജേതാവായി. കാൾ ലൂയിസിന്റെ വരവോടെ ഒളിമ്പിക്‌സിലെ നൂറു മീറ്റർ സ്പ്രിന്റിനുള്ള സ്വർണം കറുത്ത നിറക്കാരുടെ 'കുത്തക'യായി എന്നു തന്നെ പറയാം: കാൾ ലൂയിസിനു ശേഷം, ഉസെയ്ൻ ബോൾട്ടിന്റെ വരവിനു മുൻപു വരെയുള്ള ജേതാക്കളിവരായിരുന്നു: ലിൻഫോർഡ് ക്രിസ്റ്റി (ബ്രിട്ടൻ), ഡോണൊവാൻ ബെയ്ലി (ക്യാനഡ), മോറിസ് ഗ്രീൻ (യു എസ് ഏ), ജസ്റ്റിൻ ഗാറ്റ്ലിൻ (യു എസ് ഏ). എല്ലാം കറുത്ത നിറക്കാർ.
ഓട്ടത്തിൽ ഇനങ്ങളേറെയുണ്ടെന്നു പറഞ്ഞുവല്ലോ. ഓട്ടത്തെ ഹ്രസ്വദൂര ഇനങ്ങളെന്നും ദീർഘദൂര ഇനങ്ങളെന്നും വിഭജിക്കാം. നൂറു മീറ്റർ മുതൽ 800 മീറ്റർ വരെയുള്ളവയെ ഹ്രസ്വദൂരവിഭാഗത്തിലും, ഒന്നര കിലോമീറ്റർ മുതൽ 42 കിലോമീറ്റർ വരെ ദൈർഘ്യമുള്ളവയെ ദീർഘദൂരവിഭാഗത്തിലും പെടുത്താം. ദീർഘദൂര ഇനങ്ങളിലും കറുത്ത നിറക്കാർക്കു തന്നെ മേൽക്കൈ. ഇക്കഴിഞ്ഞ ഒളിമ്പിക്‌സിന്റെ കാര്യം തന്നെയെടുക്കാം. 5000 മീറ്ററിൽ സ്വർണം, വെള്ളി, വെങ്കലം എന്നീ മൂന്നു മെഡലുകളും നേടിയതു യഥാക്രമം ബ്രിട്ടന്റെ ഫറാ മൊഹമ്മദ്, അമേരിക്കയുടെ ചെലിമോ പോൾ കിപ്‌കെമോയ്, എത്യോപ്യയുടെ ഗെബ്രിവെറ്റ് ഹാഗോസ് എന്നിവരായിരുന്നു. മൂവരും കറുത്ത നിറക്കാർ തന്നെ. പതിനായിരം മീറ്ററിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല: ബ്രിട്ടന്റെ ഫറാ മൊഹമ്മദ് (വീണ്ടും), കെനിയയുടെ തനുയി പോൾ കിപ്നഗെറ്റിച്ച്, എത്യോപ്യയുടെ ടോലാ ടമിററ്റ് എന്നിവരായിരുന്നു ജേതാക്കൾ; അവരുടെയെല്ലാം നിറം കറുപ്പു തന്നെ.
മാരത്തോൺ വിജേതാക്കളായിരുന്നതു കെനിയയിൽ നിന്നുള്ള കെൻ കിപ്‌ചോഗെ എലിയുഡ് (സ്വർണം), എത്യോപ്യയിൽ നിന്നുള്ള ലൈലെസ ഫെയിസ (വെള്ളി), അമേരിക്കയിൽ നിന്നുള്ള റപ്പ് ഗാലെൻ (വെങ്കലം) എന്നിവരായിരുന്നു. ഗാലെനൊഴികെയുള്ളവർ രണ്ടും കറുത്ത നിറക്കാരായിരുന്നു. ദീർഘദൂരജേതാക്കളിൽ കറുത്ത നിറത്തിനു മാത്രമല്ല, ആഫ്രിക്കയിൽ നിന്നുള്ളവർക്കും മുൻതൂക്കമുണ്ടായിരുന്നു. ഉസെയ്ൻ ബോൾട്ടിന്റെ ജമൈക്കയ്ക്ക് ആറു സ്വർണം കിട്ടിയെങ്കിൽ, ആഫ്രിക്കയിലുള്ള കെനിയയ്ക്കും കിട്ടി, അത്ര തന്നെ സ്വർണം. ജമൈക്കയ്ക്കു മൂന്നു വെള്ളി കിട്ടിയപ്പോൾ കെനിയയ്ക്ക് ആറു വെള്ളി കിട്ടിയിരുന്നു. വികസിതരാജ്യങ്ങളായ ക്യാനഡ, ഡെന്മാർക്ക്, സ്വീഡൻ, ബെൽജിയം എന്നിവരെയെല്ലാം കെനിയ പിന്തള്ളി. ദാരിദ്ര്യമൊഴിയാത്ത എത്യോപ്യയ്ക്കുമുണ്ട് ഒരു സ്വർണവും രണ്ടു വെള്ളിയുമുൾപ്പെടെ എട്ടു മെഡലുകൾ. ഇവയെല്ലാം മുഖ്യമായും ദീർഘദൂര ഓട്ടങ്ങളിലായിരുന്നു.
ഓട്ടങ്ങളിൽ ഏഷ്യൻ രാജ്യങ്ങളുടെ സാന്നിദ്ധ്യം ഒട്ടും പ്രകടമായിരുന്നില്ല. 26 സ്വർണവും 18 വെള്ളിയും 26 വെങ്കലവും നേടി മൂന്നാം സ്ഥാനത്തെത്തിയ ചൈനയ്ക്കു പോലും ഓട്ടങ്ങളിൽ ഒരു മെഡൽ പോലും നേടാനായില്ല. ട്രിപ്പിൾ ജമ്പിനൊരു വെങ്കലം; നടപ്പിന് ഏതാനും മെഡലുകൾ. ഇവയൊന്നും ഓട്ടങ്ങളായിരുന്നില്ല. നമ്മുടെ ഭാരതവും അയൽ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവയും ഉൾപ്പെടുന്ന ദക്ഷിണേഷ്യൻ ജനത തവിട്ടുനിറക്കാരായാണു പൊതുവിൽ കണക്കാക്കപ്പെടുന്നത്. കറുത്ത നിറത്തോടു വെളുത്ത നിറത്തേക്കാൾ സാമീപ്യമുണ്ടു തവിട്ടു നിറത്തിന്. എങ്കിലും, കറുത്ത നിറത്തോടുള്ള സാമീപ്യമൊന്നും ഒളിമ്പിക് ഓട്ടങ്ങളിൽ നമ്മെ തുണച്ചിട്ടില്ല.
വേണുഗോപാൽ മാഷ് എന്റെ സുഹൃത്തായിരുന്നു. മാഷ്, പാവം, ഇന്നില്ല. ആറടിയിലേറെ ഉയരമുണ്ടായിരുന്നു മാഷിന്. ഞങ്ങൾ ഒരേ ബസ്സിൽ കുറേക്കാലം യാത്ര ചെയ്തിരുന്നു. മൂന്നു സ്റ്റോപ്പുകൾക്കപ്പുറത്തു നിന്നാണു മാഷു ബസ്സിൽ കയറിയിരുന്നത്. ബസ്സിൽ കയറിയാലുടൻ ഞാൻ മാഷിനെ തിരക്കും. മാഷു നിൽക്കുകയാണെങ്കിൽ കണ്ടുപിടിക്കാൻ എളുപ്പമാണ്. മറ്റെല്ലാ ശിരസ്സുകളേക്കാളും ഉയരത്തിൽ മാഷിന്റേതുണ്ടാകും. പക്ഷേ, മാഷു സീറ്റിലിരിക്കുകയാണെങ്കിൽ, മാഷിന്റെ ശിരസ്സ് ഇരിക്കുന്ന മറ്റുള്ളവരുടേതിൽ നിന്ന് അധികമുയർന്നു കണ്ടിരുന്നില്ല. അല്പമൊന്നു തിരഞ്ഞ ശേഷം മാത്രമേ, ഇരിക്കുന്നവരുടെ കൂട്ടത്തിൽ മാഷിനെ കണ്ടെത്താനായിരുന്നുള്ളൂ. അതായത്, മാഷ് എഴുന്നേറ്റു നിൽക്കുമ്പോൾ ഉയരം വ്യക്തമായിരുന്നെങ്കിലും, മാഷ് ഇരിക്കുമ്പോൾ അധികമുയരം തോന്നിയിരുന്നില്ല എന്നർത്ഥം.
അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണിന്റെ ഉയരം ഏകദേശം ആറരയടിയായിരുന്നു. അദ്ദേഹത്തിന്റെ കാലുകൾക്കു നീളക്കൂടുതലുണ്ടായിരുന്നത്രേ. അക്കാര്യത്തിനു ലിങ്കണിനെ പരിഹസിക്കാൻ വേണ്ടി ആരോ ഒരാൾ ചോദിച്ചു, ''ഒരാളുടെ കാലുകൾക്ക് എത്ര നീളമാകാം?'' ഉടൻ വന്നു, ലിങ്കണിന്റെ മറുപടി: ''ഉടലിൽ നിന്നു നിലത്തെത്താനുള്ള നീളം.''
ലോകമെമ്പാടുമുള്ള മനുഷ്യരുടെ രൂപഘടന ഒന്നാണ്. രണ്ടു കൈ, രണ്ടു കാല്, രണ്ടു കണ്ണ്, ഒരു മൂക്ക്... ശരീരാനുപാതങ്ങളും പൊതുവിൽ സമാനം. എങ്കിലും, ചില ചെറിയ വ്യത്യാസങ്ങൾ അനുപാതങ്ങളിലുണ്ടാകാമെന്നു വിശദീകരിക്കാൻ വേണ്ടിയാണു വേണുഗോപാൽ മാഷിന്റേയും എബ്രഹാം ലിങ്കണിന്റേയും കാര്യം പറഞ്ഞത്. മനുഷ്യശരീരത്തിനു രണ്ടുയരങ്ങളുണ്ട്: നിൽക്കുമ്പോഴുള്ള ഉയരവും, ഇരിക്കുമ്പോഴുള്ള ഉയരവും. നട്ടെല്ല് + ശിരസ്സ്: ഇതാണ് ഇരിക്കുമ്പോഴുള്ള ഉയരം; ഇരിപ്പിടത്തിൽ നിന്നു നെറുക വരെ. ഈ രണ്ടുയരങ്ങൾ തമ്മിലുള്ള അനുപാതം മനുഷ്യരിൽ പൊതുവിൽ സമാനമാണെങ്കിലും, നേരിയ വ്യത്യാസങ്ങളുണ്ടാകാറുണ്ട്. ഈ വ്യത്യാസങ്ങൾക്ക് ഓട്ടത്തിൽ പ്രസക്തിയുണ്ട്. ഭൗതികശാസ്ത്രമനുസരിച്ച്, ഓട്ടം കാലുകൾ നിർവഹിക്കുന്നൊരു ജോലിയാണ്. ഉടലിന്റെ ഭാരം മുഴുവനും വഹിച്ചുകൊണ്ടാണു കാലുകളോടുന്നത്. ഉടലിന്റെ ഭാരം കൂടിയാൽ കാലുകളുടെ ജോലി ദുഷ്‌കരമാകും. 'അമ്മേ, എന്തൊരു ഭാരം' എന്നു കാലുകൾ ഞെരങ്ങുമ്പോൾ ഓട്ടം പതുക്കെയാകും. ഉടലിന്റെ ഭാരം കുറഞ്ഞാൽ, ഓട്ടത്തിന്റെ വേഗം കൂടും. ഉടലിനു നീളം കുറവും, കാലുകൾക്കു നീളം കൂടുതലുമാണെങ്കിൽ, ഓട്ടം അനായാസമാകും എന്നു ചുരുക്കം.
ഒളിമ്പിക്‌സിലെ ഓട്ടമത്സരങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള കറുത്ത നിറമുള്ളവർക്കു നേരിട്ടോ മുൻ തലമുറകളിലൂടെയോ ആഫ്രിക്കയുമായി ജനിതകബന്ധമുണ്ട്: അതിൻ ഫലമാണു നീണ്ട കാലുകളും നീളം കുറഞ്ഞ ഉടലും. അവരുടെ കാലുകൾക്ക് സമാന ഉയരമുള്ള ഇതരരേക്കാൾ ഒന്നര ഇഞ്ചു വരെ (മൂന്നു സെന്റിമീറ്റർ) നീളക്കൂടുതലുണ്ടായേയ്ക്കാമെന്നു പഠനങ്ങൾ കണ്ടെത്തിയതായി ചില വെബ്‌സൈറ്റുകൾ പറയുന്നു. ഈ ഘടകം ഓട്ടമത്സരങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിന് അവരെ സഹായിച്ചിരിക്കണം. ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാഷ്ട്രങ്ങളിലെ ജനതകൾക്കു താരതമ്യേന നീളമുള്ള ഉടലുള്ളതുകൊണ്ടാണ് അവർക്ക് ഓട്ടമത്സരങ്ങളിൽ കറുത്ത നിറമുള്ളവരുടെ മുന്നിലെത്താനാകാത്തത്. ഉടൽ മുഖ്യജോലി നിർവഹിക്കുന്ന മത്സര ഇനങ്ങളിൽ മേൽക്കൈ നേടാൻ അവർക്കാകുമെങ്കിലും, കാലുകൾ മുഖ്യജോലി നിർവഹിക്കുന്ന ഓട്ടത്തിൽ അവർ പിന്നിലാകുന്നു. ആഫ്രിക്കൻ ബന്ധമുള്ള കറുത്ത നിറമുള്ളവരെ ഓട്ടത്തിൽ കീഴ്പെടുത്തുന്നതു ദുഷ്‌കരമാണെന്നു ബോദ്ധ്യപ്പെട്ട ചില ഏഷ്യൻ രാഷ്ട്രങ്ങൾ മറ്റൊരു തന്ത്രം സ്വീകരിച്ചു. ഇംഗ്ലീഷിലുള്ള ഒരു പഴമൊഴി അവർ നടപ്പാക്കി: ''ഇഫ് യൂ കാണ്ട് ബീറ്റ് ദെം, ജോയിൻ ദെം!'' നിങ്ങൾക്കവരെ തോല്പിക്കാനായില്ലെങ്കിൽ നിങ്ങളവരോടു ചേരുക!
2006ൽ ഖത്തറിലെ ദോഹയിൽ വച്ചു നടന്ന ഏഷ്യൻ ഗെയിംസിൽ ബഹറീനും ഖത്തറും തങ്ങളുടെ ഓട്ടക്കാരായി കെനിയയിൽ ജനിച്ചവരെ ഇറക്കുമതി ചെയ്തു. ആ അത്ലറ്റുകൾ ചൈന, ഇന്ത്യ, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള അത്ലറ്റുകളെയെല്ലാം അനായാസം മറികടന്ന്, പുരുഷന്മാരുടെ 800 മീറ്റർ, 1500 മീറ്റർ, 5000 മീറ്റർ, 10000 മീറ്റർ, 3000 മീറ്റർ സ്റ്റീപ്പിൾ ചേസ്, മാരത്തോൺ എന്നിവയെല്ലാം തൂത്തുവാരി. 2010ൽ ചൈനയിലെ ഗ്വാങ്ഷൗവിൽ വച്ചു നടന്ന ഏഷ്യൻ ഗെയിംസിൽ 5000 മീറ്റർ, 10000 മീറ്റർ എന്നിവയിൽ ആകെയുള്ള ആറു മെഡലുകളിൽ ആറും ബഹറിൻ, ഖത്തർ എന്നീ രാജ്യങ്ങൾ ഇറക്കുമതി ചെയ്ത ആഫ്രിക്കൻ ഓട്ടക്കാർ പിടിച്ചെടുത്തു. മറ്റു ദീർഘദൂര ഓട്ടങ്ങളിലും അവരുടെ മേൽക്കോയ്മ പ്രകടമായിരുന്നു.
2014ൽ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണിൽ വച്ചു നടന്ന ഏഷ്യൻ ഗെയിംസിലും ഇതു സംഭവിച്ചു. നാലുമാസം മുമ്പു വരെ നൈജീരിയക്കാരിയായിരുന്ന ഒലുവാക്കെമി അടെക്കോയ ബഹറീനിൽ താമസമാക്കിയിട്ടു വെറും നാലുമാസമേ ആയിരുന്നുള്ളൂ. അപ്പോഴേയ്ക്കവർ ബഹറീനു വേണ്ടി ഇഞ്ചിയോൺ ഗെയിംസിൽ വനിതകളുടെ നാനൂറു മീറ്ററിലോടി സ്വർണം കയ്യടക്കി. ഏഷ്യൻ ഗെയിംസിനെ ലാക്കാക്കി നടത്തിയ ഇറക്കുമതിയായിരുന്നു, അതെന്നു സൂചന. കെനിയയിൽ ജനിച്ച റൂത്ത് ജെബെറ്റ് 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ബഹറീനു വേണ്ടി സ്വർണം നേടി. അതിനിടയിൽ എത്യോപ്യയിൽ നിന്നുള്ള അലിയ സയീദ് മൊഹമ്മദ് 10000 മീറ്ററിൽ സ്വർണം നേടി, യുണൈറ്റഡ് അരബ് എമിറേറ്റ്‌സിനു വേണ്ടി.
പുരുഷന്മാരുടെ മത്സരരംഗത്തും ഇക്കഥ തന്നെ ആവർത്തിച്ചു. 5000 മീറ്ററിൽ സ്വർണം നേടിയതു ഖത്തറായിരുന്നു. അവർക്കു വേണ്ടി ഓടിയതാകട്ടെ, മൊറോക്കോവിൽ ജനിച്ച മൊഹമ്മദ് അൽ ഗർനിയും. ബഹറീനു വേണ്ടി എത്യോപ്യയിൽ നിന്നു വന്ന അലെമു ബെക്കെലെ ഗെബ്രെ വെള്ളിയും, കെനിയയിൽ നിന്നു വന്ന ആൽബർട്ട് കിബിച്ചൈ റോപ്പ് വെങ്കലവും നേടി. നൈജീരിയയിൽ ജനിച്ച ഫെമി ഒഗുനൊഡെ പുരുഷന്മാരുടെ 100 മീറ്റർ 9.93 സെക്കന്റുകൊണ്ട് ഓടി, ഏഷ്യൻ റെക്കോഡു തകർത്ത്, ഖത്തറിനു സ്വർണം നേടിക്കൊടുത്തു. ചൈനയിൽ നിന്നുള്ള സു ബിങ്ഷ്യാൻ 10.10 സെക്കന്റിൽ വെള്ളിയും ജപ്പാന്റെ കെയ് ടകാസെ 10.15 സെക്കന്റിൽ വെങ്കലവും നേടി. പ്രച്ഛന്നവേഷക്കാർ മുന്നിൽ, തനി നാട്ടുകാർ പിന്നിൽ!
ആഫ്രിക്കൻ ഓട്ടക്കാരെ ഇത്തരത്തിൽ ഇറക്കുമതി ചെയ്ത്, ഏഷ്യക്കാരെ ഏഷ്യയിൽ പുറകോട്ടു തള്ളി ഖ്യാതി നേടാനുള്ള ചില ഏഷ്യൻ രാജ്യങ്ങളുടെ പ്രവണതയ്‌ക്കെതിരേ ചൈന, ജപ്പാൻ, കൊറിയ എന്നീ രാഷ്ട്രങ്ങൾ പ്രതിഷേധിച്ചു. അമേരിക്കയിലെ കറുത്ത നിറമുള്ള ബോബ് ഹേയ്‌സ് 1960ൽ 9.9 സെക്കന്റിൽ നൂറു മീറ്ററോടി പത്തു സെക്കന്റെന്ന കടമ്പ കടന്നിട്ട് അര നൂറ്റാണ്ടു കഴിഞ്ഞു. ഇതിനിടയിൽ ഉസെയ്ൻ ബോൾട്ടു വരെയുള്ളവർ 116 തവണ പത്തു സെക്കന്റിൽക്കുറഞ്ഞ സമയം കൊണ്ടു 100 മീറ്റർ ഓടിയെത്തിയിട്ടുമുണ്ട്. എങ്കിലും, ഏഷ്യയിലെ പുരുഷന്മാർക്ക് നൂറു മീറ്ററിൽ പത്തു സെക്കന്റെന്ന കടമ്പ കടക്കാൻ ഇതുവരെ ആയിട്ടില്ലെന്ന ഇച്ഛാഭംഗമായിരുന്നു, ആ പ്രതിഷേധത്തിന്റെ പിന്നിൽ.
പ്രതിഷേധത്തിൽ ന്യായമില്ല. ആഗോളവൽക്കരണം മൂലം ലോകം ചെറുതായിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്തു മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാവാകുന്നതിൽ അർത്ഥമില്ല. ലോകം കൂടുതൽ ഏകീകൃതമായിക്കഴിഞ്ഞിരിക്കുന്നു. ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള ജനതകളുടെ വേർതിരിവിനു പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ആർക്കും എവിടേയും മത്സരിക്കാമെന്ന സ്ഥിതിയാണ് അത്ലറ്റിക്‌സിൽ അഭികാമ്യം. നമ്മുടെ ദേശീയമത്സരങ്ങളിൽപ്പോലും ആഫ്രിക്കൻ ബന്ധമുള്ള ഓട്ടക്കാരെ പങ്കെടുപ്പിക്കുകയാണെങ്കിൽ തുടക്കത്തിലതു നമ്മുടെ മെഡലുകൾ നഷ്ടപ്പെടുത്തിയേയ്ക്കാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ അതു നമുക്കു ഗുണം ചെയ്യും. ആഫ്രിക്കക്കാരോടു പൊരുതി നിൽക്കാനാകുന്ന സ്ഥിതി കൈവരിച്ചാൽ, ക്രമേണ ലോകവേദികളിലും പൊരുതിജയിക്കാൻ നമുക്കാകും. അതുകൊണ്ട്, ഉസെയ്ൻ ബോൾട്ടിനെപ്പോലുള്ളവരെ ഇന്ത്യൻ ട്രാക്കുകളിൽ നമ്മോടൊപ്പം ഓടാൻ ക്ഷണിക്കുകയാണു നാം ആദ്യം തന്നെ ചെയ്യേണ്ടത്. കുറേത്തവണ ഒരുമിച്ചോടിക്കഴിയുമ്പോൾ നാമും അവരോടൊപ്പം എത്താതിരിക്കില്ല. നമ്മുടെ കാലുകൾ കുറിയതാണെങ്കിൽപ്പോലും.