കോഴിക്കോട്: പ്രശസ്ത കായിക പരിശീലകൻ ഒ.എം.നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചിച്ച് അദ്ദേഹത്തിന്റെ പ്രധാന ശിഷ്യയായിരുന്ന പി.ടി.ഉഷ. തന്റെ ജീവിതത്തിലെ ഒ.എം.നമ്പ്യാരുടെ സംഭാവനകൾ വാക്കുകളിൽ പ്രകടിപ്പാക്കാനാകില്ലെന്ന് അവർ വ്യക്തമാക്കി. ഫേസ്‌ബുക്കിലൂടെയാണ് പി.ടി.ഉഷയുടെ പ്രതികരണം.

ഉഷയുടെ വാക്കുകളിങ്ങനെ... ''എന്റെ ഗുരു, പരിശീലകൻ, വഴിക്കാട്ടി... അദ്ദേഹത്തിന്റെ വിയോഗം ഒരുകാലത്തും നികത്താൻ കഴിയാത്തതാണ്. വലിയ ശൂന്യതയാണ് എന്നിലുണ്ടാക്കുന്നത്. എന്റെ ജീവതത്തിൽ അദ്ദേഹം വഹിച്ച പങ്ക് കേവലം വാക്കുകളിൽ ഒതുക്കാൻ കഴിയില്ല. വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തയാണിത്. ഒ എം നമ്പ്യാർ സാറെ തീർച്ചയായും മിസ് ചെയ്യും.'' ഉഷ ഫേസ്‌ബുക്കിൽ കുറിച്ചിട്ടു.


ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവാണ് ഒ.എം.നമ്പ്യാർ. പി.ടി.ഉഷയുടെ കോച്ചെന്ന നിലയിലാണ് നമ്പ്യാർ കൂടുതൽ പ്രശസ്തിയും അംഗീകാരവും നേടിയത്. 1984 ലോസ്ഏഞ്ചൽസ് ഒളിമ്പിക്‌സിൽ പി.ടി.ഉഷയുടെ കോച്ചായിരുന്നു.

1976ൽ കണ്ണൂർ സ്പോർട്സ് ഡിവിഷന്റെ ചുമതലയേറ്റ ശേഷമാണ് നമ്പ്യാർ ഉഷയെ കണ്ടെടുക്കുന്നത്. പിന്നീടുള്ള നമ്പ്യാരുടെ ജീവിതകഥ ഉഷയുടെ വിജയകഥയാണ്. 1984 ലോസ് ഏഞ്ചൽസ് ഒളിംപിക്സിൽ ഉഷയ്ക്ക് നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമാവുമ്പോൾ നമ്പ്യാരായിരുന്നു കോച്ച്. 1990ലെ ബെയ്ജിങ് ഏഷ്യൻ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങൽ പ്രഖ്യാപിക്കും വരെ ആ ഗുരു- ശിഷ്യ ബന്ധം നീണ്ടു.

പതിനാലര വർഷം ഉഷയെ നമ്പ്യാർ പരിശീലിപ്പിച്ചു. ഇക്കാലയളവിൽ രാജ്യാന്തര തലത്തിൽ ഈ ഗുരുവും ശിഷ്യയും ഇന്ത്യൻ കായിക രംഗത്തിന് നൽകിയ സംഭാവനകൾ ഏറെയാണ്. രണ്ട് ഒളിംപിക്സ്, നാല് ഏഷ്യാഡ്, ഒരു വേൾഡ് ചാംപ്യൻഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പരിശീലകനായി പങ്കെടുത്തു.

ഈ വർഷമാണ് അദ്ദേഹത്തിന് പത്മശ്രീ തേടിയെത്തിയത്. 1985ൽ രാജ്യം ദ്രോണാചാര്യ നൽകി ആദരിച്ചു. രാജ്യത്തെ ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവാണ് അദ്ദേഹം. 1955ൽ വ്യോമസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാർ സർവീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്‌ലറ്റിക് മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. 2005ൽ ഹൈദരാബാദ് സെന്റ് സ്റ്റീഫൻസ് ഇന്റർനാഷണൽ സ്‌കൂളിൽ സീനിയർ പരിശീലകനായും സേവനമനുഷ്ഠിച്ചു.

കോഴിക്കോട് മണിയൂർ സ്വദേശിയാണ് നമ്പ്യാർ. മണിയൂരിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മണിയൂരിലെ വീട്ടുവളപ്പിൽ നടക്കും.