തെങ്കാശി: അസഹിഷ്ണുത വിവാദത്തിൽ പ്രതികരിച്ച് പ്രമുഖ നടൻ ഓംപുരിയും രംഗത്ത്. രാജ്യത്ത് അസഹിഷ്ണുത അവസാനിക്കണമെങ്കിൽ ആർഎസ്എസിനെയും വിഎച്ച്പിയെയും നിലയ്ക്കു നിർത്തണമെന്നു ഓംപുരി പറഞ്ഞു. അസഹിഷ്ണുതയെ ചെറുത്തു തോൽപ്പിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആർ.എസ്.എസിനെയും വി.എച്ച്.പിയെയും നിയന്ത്രിച്ചാൽ മാത്രമേ രാജ്യത്ത് അസഹിഷ്ണുത ഇല്ലാതാക്കാൻ സാധിക്കൂ. മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന് ആർ.എസ്.എസിനെയും വി.എച്ച്.പിയെയും നിലയ്ക്ക് നിർത്താൻ ബിജെപി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

തെങ്കാശിയിൽ ജയറാം നായകനാകുന്ന ആടുപുലിയാട്ടം എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണു മാദ്ധ്യമങ്ങളോട് ഓംപുരിയുടെ പ്രതികരണം. രാജ്യം സുരക്ഷിതമല്ലെന്നും അസഹിഷ്ണുതയിൽ ഭയന്ന് രാജ്യം വിടുന്നതിനെ കുറിച്ച് ചിന്തിച്ചുവെന്നുമുള്ള ആമിർ ഖാന്റെ പരാമർശത്തെ ഓം പുരി വിമർശിച്ചു. ഇത്തരം പരാമർശങ്ങൾ ശരിയല്ല. രാജ്യത്തെ മുസ്ലിം സമൂഹത്തിന് ഇടയിൽ ഇത്തരമൊരു പരാമർശം തെറ്റിദ്ധാരണ പടർത്തും. അസഹിഷ്ണുതയെ ചെറുത്ത് തോൽപ്പിക്കുകയാണ് വേണ്ടത്.

അസഹിഷ്ണുതയെയും അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നടപടികൾക്ക് ബിജെപി പിന്തുണ നൽകരുതെന്നും ഓം പുരി പറഞ്ഞു. ബീഫ് നിരോധനത്തിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന അക്രമങ്ങൾ രാജ്യം സുരക്ഷിതമല്ലെന്ന സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്. രാജ്യത്തിന്റെ മതേതര മുഖം സംരക്ഷിക്കാൻ തീവ്ര ഹിന്ദു വാദം ഉന്നയിക്കുന്ന സംഘടനകളെ നിയന്ത്രിക്കുകതന്നെ വേണമെന്നും ഓംപുരി പറഞ്ഞു.