- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ഭാര്യയുമായി പിണങ്ങി കഴിയുമ്പോൾ രണ്ടാം നിക്കാഹ്; സൈനുദ്ദീൻ മരിച്ചതോടെ ഉമ്മയും ഇരട്ട കുട്ടികളേയും ഒറ്റപ്പെടുത്തി ഭർതൃ ബന്ധുക്കൾ; 2014ൽ പെരിന്തൽമണ്ണയിലേക്ക് പോയവർ പിന്നെ തിരികെ എത്തിയില്ല; നുണപരിശോധനയിൽ സത്യം തെളിയുമെന്നായപ്പോൾ ബന്ധുവിന്റെ ഒഴിഞ്ഞു മാറൽ; ഓമച്ചപ്പുഴയിലെ ദുരൂഹത മാറുമെന്ന് ക്രൈംബ്രാഞ്ച്
മലപ്പുറം: താനൂർ ഓമച്ചപ്പുഴയിൽനിന്ന് ആറ് വർഷം മുമ്പ് അമ്മയെയും രണ്ട് കുട്ടികളെയും കാണാതായ മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസ് നിർണായകഘട്ടത്തിലേക്ക്. അന്വേഷണത്തിന്റെ ഭാഗമായി സംശയമുള്ളവരുടെ നുണപരിശോധന നടത്താനായി ക്രൈംബ്രാഞ്ച് സംഘം കോടതിയിൽനിന്ന് അനുമതി തേടിയിരുന്നു. എന്നാൽ ഇവർ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്നാണ് കോടതിയെ അറിയിച്ചത്. ഇതാണ് സംശയങ്ങൾ പുതിയ തലത്തിൽ എത്തുന്നത്.
2014 ഏപ്രിൽ 27-നാണ് ഓമച്ചപ്പുഴ തറമ്മൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ ഖദീജ(42) ഇവരുടെ ഇരട്ടക്കുട്ടികളായ ശിഹാബുദ്ദീൻ(12) ഷജീന(12) എന്നിവരെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. ഓമച്ചപ്പുഴയിലെ വീട്ടിൽനിന്നും പെരിന്തൽമണ്ണയിലെ സ്വന്തം വീട്ടിലേക്ക് പോയ ഖദീജയെയും മക്കളെയും കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. ഈ കേസാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും തുമ്പുണ്ടായില്ല. ഇതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിലെത്തിയത്.
അമ്മയും മക്കളും എങ്ങോട്ടുപോയി, അവർക്ക് എന്ത് സംഭവിച്ചു തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കാണ് ക്രൈംബ്രാഞ്ച് സംഘം ഉത്തരം തേടിയത്. അതീവരഹസ്യമായി ഓമച്ചപ്പുഴയിലും പരിസരപ്രദേശങ്ങളിലും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തി. സംശയമുള്ളവരെ നിരീക്ഷണത്തിലാക്കി. നിരവധി ഫോൺകോളുകൾ പരിശോധിച്ചു. ഇതിനൊടുവിലാണ് ഖദീജയുടെ ഭർത്താവിന്റെ ബന്ധു കൂടിയായ ഒരാളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന തീരുമാനത്തിലെത്തിയത്. വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ഇതിനായി പരപ്പനങ്ങാടി കോടതിയിൽ ക്രൈംബ്രാഞ്ച് സംഘം അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എന്നാൽ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്നാണ് ഇയാൾ കോടതിയെ അറിയിച്ചത്. പരേതനായ തറമ്മൽ സൈനുദ്ദീന്റെ രണ്ടാംഭാര്യയായിരുന്നു ഖദീജ. ആദ്യഭാര്യയുമായി അകന്നുകഴിയുന്നതിനിടെയാണ് ഖദീജയെ സൈനുദ്ദീൻ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ സൈനുദ്ദീന്റെ കുടുംബത്തിൽനിന്നും എതിർപ്പുകളുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ട് തന്നെ ഖദീജയേയും മക്കളേയും കൊന്നതാണെന്ന സംശയവും സജീവമാണ്.
സൈനുദ്ദീന്റെ മരണശേഷം ഖദീജയെ സമൂഹത്തിൽ മോശമായി ചിത്രീകരിക്കാനും ശ്രമങ്ങളുണ്ടായി. ഇതിനൊല്ലാം ഒടുവിലാണ് 2014 ഏപ്രിലിൽ ഖദീജയെയും രണ്ട് മക്കളെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. സൈനുദ്ദീന്റെ സഹോദരൻ തൊട്ടടുത്ത മാസം താനൂർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ആദ്യഭാര്യയിൽനിന്ന് അകന്നുകഴിയുന്നതിനിടെയാണ് സൈനുദ്ദീൻ-ഖദീജ വിവാഹം. സൈനുദ്ദീന്റെ കുടുംബത്തിന് ഇത് സമ്മതമല്ലായിരുന്നു. അതോടെ ഇവരുമായി കുടുംബം ഒരു ബന്ധവും പുലർത്തിയില്ല.
സഹോദരങ്ങളിൽ ഒരാൾ ഒഴികെ ബാക്കിയുള്ളവർ ഖദീജയോടും കുട്ടികളോടും ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറിയിരുന്നതെന്ന് ഖദീജ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതിനിടയിലാണ് മൂവരെയും കാണാതായത്.
മറുനാടന് മലയാളി ബ്യൂറോ