മസ്‌കത്ത്; ഒമാനിൽ മലയാളി കുടുംബങ്ങൾക്കിടയിലേക്ക് സ്വദേശി യുവാക്കളുടെ വാഹനം ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ കുട്ടികളടക്കം ആറ് പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. മസ്‌കത്ത് - സൂർ റൂട്ടിൽ തിബിയിൽ വച്ചായിരുന്നു അപകടം. അവധി ദിനമായതിനാൽ വിനോദ യാത്രക്ക് പോയസംഘമാണ് അപകടത്തിൽപ്പെട്ടത്.

തിബിയിലെ റോഡരികിൽ വാഹനം നിർത്തിയിട്ട് ഫോട്ടോയെടുക്കുന്നതിനിടെ സ്വദേശി ഓടിച്ച വാഹനം നിയന്ത്രണം വിട്ട് സംഘത്തെ ഇടിക്കുകയായിരുന്നു. റോയൽ ആശുപത്രിയിൽ നഴ്സുമാരായി ജോലി ചെയ്യുന്ന റോയൽ ആശുപത്രിയിലെ നഴ്‌സുമാരായ സോണി, സനു, ഷിജി എന്നിവരും കുടുംബാംഗങ്ങളുമാണ് സംഘത്തിലുണ്ടായിരുന്നത്. കോട്ടയം, കണ്ണൂർ സ്വദേശികളായ ഇവർ മസ്‌കത്തിൽനിന്ന് രണ്ടു കാറുകളിലായാണ് വന്നത്.

ഷിജിയുടെ മകനും ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥിയുമായ അതുലിന് തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. സൂർ ആശുപത്രിയിൽ വന്റെിലേറ്ററിൽ ചികിത്സയിലുള്ള അതുലിന്റെ നില ഭദ്രമാണെന്ന് ഡോക്ടർമാർ വെള്ളിയാഴ്ച വൈകുന്നേരത്തോടെ അറിയിച്ചു. ഷിജിയുടെ ഭർത്താവ് സണ്ണി, സോണി, സനു, വരുൺ, ഒന്നര വയസ്സുകാരനായ നെസ്ബിറ്റ് എന്നിവരാണ് പരിക്കുള്ള മറ്റുള്ളവർ. ഇതിൽ സണ്ണിക്ക് സ്‌പൈനൽ കോഡിനാണ് പരിക്കേറ്റത്.ബാക്കി നാലുപേർക്ക് നിസ്സാര പരിക്കാണ് ഉള്ളത്. സംഘത്തിലെ മൂന്നു സ്ത്രീകളും അപകടസമയത്ത് കാറിലായിരുന്നതിനാൽ പരിക്കേറ്റില്ല. കാറിന് പിന്നിലിടിച്ച ശേഷമാണ് ഫോട്ടോയെടുക്കുന്നവർക്കിടയിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ അതുൽ തെറിച്ചുപോയതാണ് ഗുരുതര പരുക്കേല്ക്കാൻ കാരണം.