മസ്‌കത്ത്: ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ ബാഗേജ് നയം പരിഷ്‌കരിച്ചു. അധിക ബാഗ് എന്ന നിലവിലെ രീതിക്കു പകരം ഭാരം അടിസ്ഥാനമാക്കിയുള്ള രീതിയിലേക്കാണ് മാറിയത്. ഇതുവഴി അധിക ബാഗേജ് ആവശ്യമുള്ളവർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാകുമെന്ന് ഒമാൻ എയർ പത്രക്കുറിപ്പിൽ അറിയിച്ചു.

ഇതുവരെ ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് 30 കിലോഗ്രാം മൊത്തം ഭാരമുള്ള രണ്ട് ബാഗുകളാണ് സൗജന്യമായി കൊണ്ടുപോകാൻ അനുവദിച്ചിരുന്നത്. അധികമായുള്ളവ കുറഞ്ഞ ഭാരമാണെങ്കിൽപോലും ഒരു ബാഗേജിന്റെ ഫീസ് അടക്കേണ്ടിയിരുന്നു. പുതിയ തീരുമാനപ്രകാരം 30 കിലോയുടെ ഒറ്റ ബാഗേജ് അനുവദനീയമാണ്. അധികമായിവരുന്ന സാധനങ്ങൾക്ക് അഞ്ചു കിലോ ഗ്രാം വീതം എന്ന നിരക്കിലായിരിക്കും തുക ഈടാക്കുക.

ബിസിനസ്, ഫസ്റ്റ് ക്ലാസിലെ സൗജന്യ ബാഗേജ് അലവൻസിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 15 9 സെ. മീറ്റർ അളവുള്ള പരമാവധി 32 കിലോ വരെയുള്ള ബാഗേജുകളെയാണ് സ്റ്റാൻഡേഡ് വിഭാഗത്തിലായി പരിഗണിക്കുക. 159 സെ.മീറ്ററിന് മുകളിൽ വലുപ്പമുള്ളവക്ക് ഓവർ സൈസ് നിരക്കുകൾ ബാധകമായിരിക്കുമെന്നും ഒമാൻ എയർ അറിയിച്ചു.