ലാല വിമാനത്താവളത്തിൽ ടയർ പൊട്ടിയതിനെ തുടർന്ന് ഒമാൻ എയർ വിമാനം റൺവേയിൽ കുടുങ്ങി. ഇതിനെ തുടർന്ന് മറ്റ് വിമാന സർവ്വീസുകളുടേയും സമയ ക്രമം താളം തെറ്റി. കൊച്ചി-സലാല എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം മസ്‌ക്കറ്റിൽ ഇറക്കിയ ശേഷം വൈകുന്നേരമാണ് സലാലയിൽ എത്തിയത്.

പറന്നുയരുന്നതിന് തൊട്ടുമുമ്പ് ടയർ പൊട്ടിയത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സലാലയിൽനിന്ന് മസ്‌കത്തിലേക്കുള്ള ഒമാൻ എയറിന്റെ യാത്ര റദ്ദാക്കി. പുലർച്ചെ മൂന്നിന് പുറപ്പെടേണ്ട ഒമാൻ എയർ ഡബ്‌ള്യുവൈ 902 വിമാനത്തിന്റെ ടയറാണ് പൊട്ടിയത്. തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൈലറ്റിന്റെ നിർദേശപ്രകാരം യാത്രക്കാരെ ഇറക്കുകയായിരുന്നു.

ടയർ പൊട്ടിയ ഒമാൻ എയർ വിമാനം ഏറെ നേരം റൺവേയിൽനിന്ന് മാറ്റാൻ കഴിയാതിരുന്നതിനാൽ വിവിധ വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിച്ചില്ല. കൊച്ചിയിൽ നിന്ന് രാവിലെ 9 മണിയോടെ സലാലയിൽ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ എകസ്പ്രസ്സ് ഐഎക്‌സ് 543 വിമാനം മസ്‌കത്ത് വിമാനത്താവളത്തിലിറക്കിയ ശേഷം വൈകുന്നേരം അഞ്ചോടെയാണ് അവിടെനിന്ന് സലാലയിലത്തെിയത്. തിരിച്ച് ഇതേ വിമാനം രാവിലെ 10 ന് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ വൈകുന്നേരം ആറോടെ മാത്രമാണ് വിമാനത്തിന് സലാലയിൽനിന്ന് പുറപ്പെടാൻ സാധിച്ചത്.

കൂടാതെ ഒമാൻ എയറിന്റെ മസ്‌കത്തിൽ നിന്നുള്ള വിവിധ സർവ്വീസുകളും മുടങ്ങി. വിമാനത്താവളത്തിന്റെ പ്രവർത്തനം ഉച്ചക്ക് രണ്ടരയോടെയാണ് സാധാരണ നിലയിലായത്.