സലാല: സലാല - കോഴിക്കോട് ഒമാൻ എയർ സർവീസ് ഇന്ന് മുതൽ ഓടിത്തുടങ്ങും. രാത്രി 12.40 നാണ് ആദ്യ വിമാനം പറന്നുയരുക. വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ നടക്കുന്ന ചടങ്ങുകളിൽ ഒമാൻ എയറിന്റെ മുതിർന്ന ഉദ്യോഗസ്ഥരും സ്വദേശി പ്രമുഖരും പ്രത്യേക ക്ഷണിതാക്കളും സംബന്ധിക്കും. ഒമാൻ എയറിന്റെ വരവോടെ കോഴിക്കോട് റൂട്ടിലെ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ദിവസവും രാത്രി ഒമാൻ സമയം 12.40ന് സലാലയിൽനിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.50ന് കോഴിക്കോട് എത്തിച്ചേരും. രാവിലെ 6.40ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 8.40ന് സലാലയിൽ എത്തുകയും ചെയ്യും. ഈ മാസം ആദ്യം മുതലാണ് സർവിസിന്റെ ബുക്കിങ് ആരംഭിച്ചത്. നിലവിൽ എയർ ഇന്ത്യ എക്സ്‌പ്രസ് മാത്രമാണ് സലാലയിൽനിന്ന് നേരിട്ട് കേരളത്തിലേക്ക് സർവീസ് നടത്തുന്നത്.

ഒമാൻ എയറിന്റെ പുതിയ നയമനുസരിച്ച് ലഗേജിന് 30കിലോ ഭാരം മാത്രമേ പാടുള്ളൂ. അധിക തുക നൽകി 20 കിലോ വരെയുള്ള അധിക ലഗേജ് കൂടി കൊണ്ടുപോകാം. അധിക ലഗേജിൽ ഒരു കിലോയായാലും 20 കിലോയായാലും ഒരേ തുക നൽകേണ്ടി വരും. കോഴിക്കോടിന് പുറമെ മറ്റു രണ്ടിടങ്ങളിലേക്കും ഒമാൻ എയർ അധിക സർവിസ് നടത്തും.