മസ്‌ക്കറ്റ്: കോഴിക്കോട്ടേയ്ക്കുള്ള സർവീസുകൾ വർധിപ്പിച്ചതായി ഒമാൻ എയർ. നിലവിലുള്ള പ്രതിദിന കോഴിക്കോട്- സലാല സർവീസ് ഒന്നിൽ നിന്ന് മൂന്നാക്കി വർധിപ്പിച്ചുകൊണ്ടാണ് ഒമാൻ എയർ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കോഴിക്കോട് കൂടാതെ ഡൽഹി, ഹൈദരാബാദ്, ലക്‌നൗ സർവീസുകളും വർധിപ്പിച്ചിട്ടുണ്ട്. 

ഫെബ്രുവരി ആറിന് പുതിയ സർവിസ് ആരംഭിക്കുമെന്നാണ് ഒമാൻ എയർ വ്യക്തമാക്കുന്നത്. പ്രതിവാര സീറ്റുകൾ വർധിപ്പിക്കാൻ ഇന്ത്യൻ, ഒമാൻ സർക്കാറുകൾ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് ഒമാൻ എയർ ഇന്ത്യയിലേക്ക് സർവിസുകൾ വർധിപ്പിക്കുന്നത്.

ഇന്ത്യയിലേക്കുള്ള സർവീസുകളുടെ എണ്ണം ആഴ്ചയിൽ 126 ആയിരുന്നത് 161 ആയി ഇതോടെ ഉയർന്നിട്ടുണ്ട്. ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിലേക്കാണ് ഒമാൻ എയർ നിലവിൽ സർവീസ് നടത്തുന്നത്. പുതിയ കരാർ പ്രകാരം മുംബൈ, ഡൽഹി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം ആഴ്ചയിൽ 21 ആയി ഉയരും. ലക്നൗവിലേക്ക് ആഴ്ചയിൽ 14 സർവീസുകളുമുണ്ടാകും. ആഴ്ചയിൽ സീറ്റുകളുടെ എണ്ണം 27,405 ആയി ഉയർത്താനാണ് ഇരു രാജ്യങ്ങളും ചർച്ചയിൽ ധാരണയായത്.