മഞ്ചേരി: വിമാനയാത്ര റദ്ദാക്കിയതിനെത്തുടർന്ന് ജോലിനഷ്ടപ്പെട്ട പ്രവാസിക്ക് വിമാനക്കമ്പനി 15ലക്ഷം രൂപ നഷ്ടപരിഹാരംനൽകണമെന്ന് ജില്ലാ ഉപഭോക്തൃതർക്കപരിഹാര ഫോറം വിധിച്ചു. സാങ്കേതികത്തകരാറുമൂലമാണ് വിമാനം റദ്ദാക്കിയത്. എന്നാൽ ഇത് പ്രവാസിക്കുണ്ടായ നഷ്ടം ചെറുതല്ലെന്ന് ഫോറം വിലയിരുത്തി.

കാളികാവ് അരിമണൽ മണ്ണൂർക്കര മൊയ്തീൻ ഒമാൻ എയർവേയ്‌സ് മാനേജരെ എതിർകക്ഷിചേർത്ത് നൽകിയ ഹർജിയിലാണ് ഉത്തരവ്. 21 വർഷമായി സൗദിയിൽ ജോലിചെയ്തുവരുന്ന മൊയ്തീൻ അവധികഴിഞ്ഞ് 2013 ഡിസംബർ 24ന് തിരിച്ചെത്തേണ്ടതായിരുന്നു. അന്ന് വൈകീട്ട് കരിപ്പൂരിൽനിന്ന് ഒമാൻ എയർ വിമാനത്തിൽ പുറപ്പെടാനുള്ള യാത്രാരേഖകൾ ശരിയാക്കി. എന്നാൽ സാങ്കേതികതകരാർകാരണം വിമാനം യാത്ര റദ്ദാക്കി. തൊട്ടടുത്തദിവസം ജോലിയിൽ പ്രവേശിച്ച് വിസ പുതുക്കേണ്ടതുള്ളതിനാൽ ജോലിനഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.

ജോലി നഷ്ടപ്പെട്ടതിന് നഷ്ടപരിഹാരമായി 10 ലക്ഷവും മാനസികപ്രയാസമുണ്ടാക്കിയതിന് അഞ്ചുലക്ഷവും ടിക്കറ്റ് ചാർജ് ഇനത്തിൽ 13200 രൂപയും കോടതിച്ചെലവായി 10,000 രൂപയും മുപ്പതുദിവസത്തിനകം ഒമാൻ എയർ മാനേജർ കോടതിയിൽ കെട്ടിവെക്കണമെന്ന് വിധിന്യായത്തിൽ പറയുന്നു. ഫോറം പ്രസിഡന്റ് എ.എ. വിജയൻ, അംഗങ്ങളായ മദനവല്ലി, മിനി മാത്യു എന്നിവരാണ് ഉത്തരവിട്ടത്.