- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ കോവിഡിന്റെ മൂന്നാം തരംഗം; വീടുകളിലെത്തി വാക്സിൻ നൽകലിന് തുടക്കം കുറിച്ച് മസ്കത്ത് ഗവർണറേറ്റ്
ഒമാനിൽ കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ വ്യാപനം ഉയരാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും ചെയ്യുമെന്നും മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
ഒമാനിൽ ജുൺ അവസാനത്തോടെ ജനസംഖ്യയുടെ 30 ശതമാനം പേർക്ക് വാക്സിൻ നൽകും. ഈ വർഷം അവസാനത്തോടെ 70 ശതമാനം പേർക്ക് വാക്സിൻ നൽകലാണ് ലക്ഷ്യമെന്നും അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി പറഞ്ഞു. ഈ മാസം അവസാനത്തോടെ രണ്ടര ലക്ഷം ഡോസ് വാക്സിൻ എത്തിക്കുന്നതിനാണ് ഒമാൻ ശ്രമിക്കുന്നത്.
ഹെൽത്ത് പാസ്പോർട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്. വാക്സിനേഷൻ വിവരങ്ങളടക്കം ഇതിൽ രേഖപ്പെടുത്തിയിരിക്കും. രാജ്യങ്ങൾക്കിടയിൽ യാത്ര സുഗമമാക്കാൻ പാസ്പോർട്ട് സഹായകരമാകും. ജനജീവിതം ഈ വർഷം അവസാനത്തോടെ സാധാരണ നിലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും മുഹമ്മദ് അൽ ഹുസ്നി പറഞ്ഞു.
ഏറ്റവും പുതിയ കണക്കനുസരിച്ച് ഒമാനിൽ തൊണ്ണൂറായിരത്തിലധികം പേർക്കാണ് വാക്സിൻ നൽകിയത്. വീടുകളിലെത്തി വാക്സിൻ നൽകുന്നതിന് കഴിഞ്ഞ ദിവസം മസ്കത്ത് ഗവർണറേറ്റിൽ തുടക്കമായിരുന്നു.