മസ്‌കത്ത്: വിദേശികൾ പാസ്‌പോർട്ട് പുതുക്കുമ്പോൾ വിസ പേജ് പുതിയ പാസ്‌പോർട്ടിലേക്ക് മാറ്റണമെന്ന മുന്നറിയിപ്പുമായി ഒമാൻ പൊലീസ്. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇലക്‌ട്രോണിക് ഗേറ്റുകൾ ഉപയോഗിക്കാൻ ഇത് ആവശ്യമായതിനാലാണ് ഈ മുന്നറിയിപ്പ് വിദേശികൾക്ക് നല്കിയിരിക്കുന്നത്.

പാസ്‌പോർട്ട് പുതുക്കുന്നവർ സാധാരണ വിസാ പേജുള്ള പഴയ പാസ്‌പോർട്ടും പുതുക്കിയതും ഒരുമിച്ച് കൊണ്ടുനടക്കുകയാണ് ചെയ്യാറുള്ളത്.ഗവർണറേറ്റിലുമുള്ള പാസ്‌പോർട്ട് ആൻ് റെസിഡൻസി ഡയക്ടറേറ്റ് ജനറലിൽ പോയാൽ ഇത് മാറ്റി നൽകുന്നതാണെന്ന് മുതിർന്ന ആർ.ഒ.പി ഉദ്യോഗസ്ഥൻ പറഞ്ഞു.

പുതുക്കുമ്പോൾ വ്യക്തികൾക്ക് പുതിയ നമ്പറിലുള്ള പാസ്‌പോർട്ടാണ് ലഭിക്കുകയെന്ന് ആർ.ഒ.പി ഉദ്യോഗസ്ഥൻ പറഞ്ഞു. ഒമാനിൽ താമസിക്കുന്ന എല്ലാ വിദേശികളുടെയും വിവരങ്ങൾ ഇ-ഗേറ്റ് കൗണ്ടറുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ സംവിധാനത്തിൽ ശേഖരിച്ച് വെച്ചിട്ടുണ്ട്.പാസ്‌പോർട്ട് പുതുക്കുകയും വിസാ പേജ് പുതിയതിലേക്ക് മാറ്റാതിരിക്കുകയും ചെയ്യുന്ന പക്ഷം ഈ വിവരങ്ങൾ പുതുക്കപ്പെടുന്നില്ല. കമ്പ്യൂട്ടർ സംവിധാനത്തിൽ പഴയ പാസ്‌പോർട്ട് നമ്പർ ആയിരിക്കുന്ന സാഹചര്യത്തിലാണ് ഇ-ഗേറ്റ് കൗണ്ടർ ഉപയോഗിക്കാൻ കഴിയാതെ വരുന്നത്.

ഈ സാഹചര്യത്തിൽ പുറത്തേക്ക് പോകുന്നവരും തിരികെ വരുന്നവരും എമിഗ്രേഷൻ കൗണ്ടർ ഉപയോഗിക്കേണ്ടിവരും. പാസ്‌പോർട്ട് ആൻഡ് റെസിഡൻസി ഡയറക്ടറേറ്റ് ജനറലിൽ എത്തി വിസാ പേജ് പുതിയ പാസ്‌പോർട്ടിലേക്ക് മാറ്റുന്ന ഫോറം വാങ്ങി പൂരിപ്പിച്ച് നൽകിയാൽ മതി. വൈകാതെ തന്നെ പാസ്‌പോർട്ട് നമ്പർ അടക്കം പുതിയ വിവരങ്ങളെല്ലാം പുതുക്കി ലഭിക്കും.