മസ്‌കത്ത്: സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് മജ്‌ലിസുശ്ശൂറയിൽ ആവശ്യം. ശൂറയെ അഭിസംബോധന ചെയ്ത മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രിക്ക് മുന്നിലാണ് ഈ നിർദ്ദേശമുയർന്നത്. കൂടാതെ പ്രവാസികൾ അയക്കുന്ന പണം പരിശോധിക്കണമെന്ന ആവശ്യവുമായി മാനവവിഭവ ശേഷി മന്ത്രാലയം രംഗത്തുണ്ട്.

വിദേശ തൊഴിലാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്, പ്രത്യേകിച്ച് വേതനത്തിന് ആനുപാതികമല്ലാത്ത തുക അയക്കുന്നവരിൽനിന്ന് നികുതി ഈടാക്കണമെന്ന് നിർദ്ദേശം ഉയർന്നു. നിലവിൽ ഓരോ വർഷവും ശരാശരി 11 ശതകോടി ഡോളറാണ് ഒമാനിൽനിന്ന് പുറത്തേക്ക് അയക്കുന്നത്. വിദേശ തൊഴിലാളികളുടെ മൊത്തം വേതനം കണക്കിലെടുക്കു മ്പോൾ ഇത് ഉയർന്നതാണെന്ന് യോഗം വിലയിരുത്തി.

നിലവിൽ സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്നവരിൽ 81.8 ശതമാനവും വിദേശികളാണ്. വിദേശികളുടെ ഒഴുക്ക് തുടർന്നാൽ പത്തുവർഷത്തിന് ശേഷം ജനസംഖ്യയുടെ 60 മുതൽ 65 ശതമാനം വരെ വിദേശികൾ ആയിത്തീരും. മൊത്തം ജനസംഖ്യയുടെ 33 ശതമാനത്തിന് മുകളിൽ വിദേശികളുടെ എണ്ണം ഉയരാൻ അനുവദിക്കരുതെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.