മസ്‌കത്ത്: സെയിൽസ്, മാർക്കറ്റിങ് മേഖലകളിൽ വിസ നൽകുന്നതിനുള്ള വിലക്ക് അവസാനിക്കാനിരിക്കെ ആറ് മാസത്തെക്ക് കൂടി വിസാ നിരോധനം നീട്ടാൻ തീരുമാനം. ഇത് സംബന്ധിച്ച് തൊഴിൽ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. തൊഴിൽ വിപണി ക്രമീകരണവും സ്വദേശിവത്കരണവും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം കൈക്കൊണ്ടത്. ഒരു വർഷം മുമ്പാണ് രാജ്യത്ത് വിസ നിരോധനം നിലവിൽ വന്നത്. ഇത് അവസാനിച്ച സാഹചര്യത്തിലാണ് ആറ് മാസത്തേക്ക് കൂടി നീട്ടി തീരുമാനം കൈക്കൊണ്ടത്.

മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ ജോലിചെയ്യുന്ന മേഖലകളിൽ 2013 നവംബറിലാണ് ഒമാൻ തൊഴിൽ മന്ത്രാലയം വിസാ നിരോധനം പ്രഖ്യാപിച്ചത്. ആദ്യം നിർമ്മാണം, ശുചീകരണം എന്നീ രംഗങ്ങളിൽ ഏർപ്പെടുത്തിയ ആറുമാസത്തെ വിലക്ക് കഴിഞ്ഞവർഷം ഡിസംബർ ഒന്ന് മുതൽ സെയിൽസ് മാർക്കറ്റിങ് രംഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഈ വിലക്കുകൾ ആറുമാസ കാലാവധി പിന്നിട്ടപ്പോൾ വീണ്ടും അത്രയും കാലത്തേക്ക് തന്നെ നീട്ടി.

പുതിയ വിസ ലഭിക്കുന്നതിന് ഒരു വർഷമായി നിരോധനം നിലനിൽക്കുന്നതിനാൽ തൊഴിലന്വേഷകർ മാത്രമല്ല, ആളെ നിയമിക്കാനാകാതെ തൊഴിലുടമകളും പ്രതിസന്ധിയിലാണ്. എക്‌സലന്റ് കാറ്റഗറിയിലുള്ള സ്ഥാപനങ്ങൾക്കും, സർക്കാർ പദ്ധതി ഏറ്റെടുത്ത സ്ഥാപനങ്ങൾക്കും മാത്രമാണ് ഇതിൽ ഇളവുള്ളത്.