കുടുംബത്തെ കൂടെ കൂട്ടാനാഗ്രഹിക്കുന്ന വിദേശികൾക്ക് തിരിച്ചടിയായിഒമാനിൽ ഫാമിലി വിസക്ക് 600 റിയാൽ വേതനം വേണമെന്ന നിയമം തുടരുമെന്ന് റിപ്പോർട്ട്. നിയമത്തിൽ ഇളവില്ലെന്ന് റോയൽ ഒമാൻ പൊലീസാണ് വിശദീകരണം നല്കിയത്.

ശമ്പളപരിധി താഴ്‌ത്തി കൂടുതൽ വിദേശികൾക്ക് കുടുംബങ്ങളെ ഒമാനിലേക്ക് കൊണ്ടുവരാൻ അവസരമൊരുക്കുന്നത് സംബന്ധിച്ച ശൂറയുടെ ചോദ്യത്തിന് കുടുംബവിസാ നിയമത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നത് നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്ന മറുപടിയാണ് ആർഒപി നൽകിയത്.

ഫാമിലി വിസ സ്റ്റാറ്റസിന് ചുരുങ്ങിയ വേതനം 600 റിയാലാക്കി മൂന്ന് വർഷം മുമ്പാണ് റോയൽ ഒമാൻ പൊലീസ് ഉത്തരവിറക്കിയത്. ഇത് പ്രവാസികളെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതോടെ നിയമത്തിൽ അയവ് വരുത്തണമെന്നും ശമ്പള പരിധി കുറക്കണമെന്നും ആവശ്യമുയർന്നു. ഇതിനിടെ 600 റിയാലിൽ നിന്ന് 300റിയാലായി കുറയുന്നതായി കിംവദന്തികളും പ്രചരിച്ചിരുന്നു.

പൊതു സമൂഹത്തിലെയും സാമൂഹിക മാദ്ധ്യമങ്ങളിലെയും ഇത് സംബന്ധമായ ചർച്ചകൾ തുടരുന്നതിനിടെയാണ് നിയമ മാറ്റത്തിന്റെ സാധ്യത സംബന്ധിച്ച് റോയൽ ഒമാൻ പൊലീസിേനാട് മജ്ലിസ് ശൂറ വിഷയത്തിൽ പ്രതികരണം ആവശ്യപ്പെട്ടത്.