നാല് ദിവസമായി രാജ്യത്ത് തുടരുന്ന മഴയിൽ മരണം നാലായി. ചൊവ്വാഴ്ച വൈകുന്നേരം നിസ്‌വയിലെ വാദിയിൽ കാണാതായയാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയതോടെയാണ് മരണസംഖ്യ നാലായി ഉയർന്നത്.കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ വാദിയിൽ പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങൾ പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

റുസ്താഖ്, മുദൈബി എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. മഴ കനത്തത് വൻ നാശനഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. ചില മേഖലകളിൽ കനത്തമഴ ജനജീവിതം ദുസ്സഹമാക്കി. വീടുകളിൽ വെള്ളം കയറി. വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. മരങ്ങൾ കടപുഴകിവീണു.ഇതോടെ പ്രധാന റോഡുകളിൽ അടക്കം മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു.

കനത്ത മഴ കാരണം ചില സ്ഥാപനങ്ങൾ വ്യാഴാഴ്ച ഉച്ചക്കുശേഷം ജീവനക്കാർക്ക് അവധി നൽകി. വ്യാഴാഴ്ചയും കനത്ത മഴക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സിവിൽ ഏവിയേഷൻ പൊതുഅഥോറിറ്റി മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ പൂർണ ജാഗ്രത പാലിക്കണം. വാദി മുറിച്ചുകടക്കരുത്. കടലിൽനിന്നും തീരത്തുനിന്നും അകന്നുനിൽക്കണമെന്നും മുന്നറിയിപ്പുണ്ട്.

അൽ വുസ്ത, ദോഫാർ ഒഴികെയുള്ള ഗവർണറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒമാൻ സർക്കാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, 10ാം ക്‌ളാസ് പൊതു പരീക്ഷ മാറ്റിവച്ചിട്ടില്‌ളെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. മറ്റ് ഇന്ത്യൻ സ്‌കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.