മസ്‌കത്ത്: റമദാൻ പ്രഖ്യാപിക്കപ്പെട്ടതോടെ ഒമാനിലെ പഴം പച്ചക്കറി വിപണിയിൽ വില കുതിച്ചുയർന്നു. ചില ഇനങ്ങൾക്ക് രണ്ടു ദിവസത്തിനിടെ 50 ശതമാനത്തോളം വില ഉയർന്നതായാണ് റിപ്പോർട്ട്. പഴം, പച്ചക്കറി ഇനങ്ങളിൽ പലതിനും വില ഇരട്ടിയായിട്ടുണ്ടെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. അതിക വില ഈടാക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഉപയോക്തൃ സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥരെ പരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്. ഇവർ 24 മണിക്കൂർ പരിശോധകൾ നടത്തുകയും കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇതിനായി ജീവനക്കാർ അതിക നേരം ജോലി ചെയ്യും.

ഒമാനിലെ വിളവെടുപ്പ് സീസൺ അവസാനിച്ചതിനാലാണ് വില കുതിച്ചുയരുന്നതെന്ന് സെൻട്രൽ മാർക്കറ്റിലെ മൊത്ത വ്യാപാരികൾ പറയുന്നു. കൂടാത കാലാവസ്ഥ മാറ്റവും സിറിയ പോലുള്ള രാജ്യങ്ങളിൽ നിന്ന് സംഘർഷങ്ങൾ കാരണം സാധനം എത്താത്തതും വിലക്കയറ്റത്തിന് കാരണമാണ്.ഒരു കാർട്ടൂൺ (7 കിലോഗ്രാം) ജോർദാൻ ഉള്ളിക്ക് 1.5 റിയാൽ ആയിരുന്നത് 2.5 റിയാൽ ആയി വർധിച്ചിട്ടുണ്ട്. ഒരു കാർട്ടൂൺ (8.5 കിലോ) വെണ്ടക്ക് 3 റിയാൽ ആയിരുന്നുത് 6.5 റിയാൽ ആയി വർധിച്ചതായി മൊത്ത വിതരണക്കാർ പറയുന്നു.

മറ്റു പല ഇനങ്ങൾക്കും സമാന രീതിയിൽ തന്നെയാണ് വിലക്കയറ്റം. രണ്ടു ദിവസങ്ങൾ കൊണ്ടാണ് വില ഇത്രയധികം വർധിച്ചതെന്നതും ശ്രദ്ധേയമാണ്. വിലവർധനവിനെതിരെ പബ്ലിക് അഥോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷന് (പി.എ.സി.പി) നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.