മസ്‌കത്ത്: രാജ്യത്ത് അന്താരാഷ്ട്ര വിപണിക്ക് അനുസരിച്ചുള്ള ജൂലൈയിലെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ മാറ്റമില്ലാതെയും ഡീസൽവില നേരിയ വർദ്ധനവ് വരുത്തിയുമാണ് പുതിയ നിരക്ക്.സൂപ്പർ ഗ്രേഡ് ലിറ്ററിന് 180 ബൈസ, റെഗുലർ ഗ്രേഡ് 170 ബൈസ എന്ന നിരക്കിൽ തുടരും.

ഡീസൽ വിലയിൽ ചെറിയ വർധനവുണ്ട്. നിലവിലെ 185 ബൈസ എന്നത് 188 ബൈസയായിട്ടാണ് ഉയരുകയെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രാലയം ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. ക്രൂഡോയിൽ വില ഏതാണ്ട് കഴിഞ്ഞ മാസത്തെ അതേ നിലവാരത്തിൽ നിൽക്കുന്നതിനാലാണ് ജൂലൈയിൽ ഇന്ധനവില വർധിപ്പിക്കാതിരുന്നത്.

സർക്കാർ ഇന്ധനവിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞശേഷമുള്ള ഏറ്റവും ഉയർന്ന വർധനവായിരുന്നു കഴിഞ്ഞ മാസത്തേത്. റെഗുലർ പെട്രോൾ ലിറ്ററിന് 21 ബൈസയും സൂപ്പർ പെട്രോളിനും ഡീസലിനും 19 ബൈസയും വീതമാണ് മെയ്‌ മാസത്തെ വിലയെക്കാൾ ജൂണിൽ വർധിച്ചത്. വിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞ ജനുവരിയിൽ ബാരലിന് 30 ഡോളർ ആയിരുന്നു ക്രൂഡോയിൽ വില. ഇത് ജൂൺ ആദ്യം 50 ഡോളറിന് അടുത്തുവരെ ഉയർന്നിരുന്നു. ജനുവരിയിൽ വിലനിയന്ത്രണാധികാരം എടുത്തു കളഞ്ഞശേഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പെട്രോൾ വിലയിൽ ചെറിയ കുറവ് വരുത്തിയിരുന്നു.

ഡീസൽ വില ഈ രണ്ട് മാസങ്ങളിലും തുല്യമായിരുന്നു. ഏപ്രിൽ, മെയ്‌ മാസങ്ങളിലാക ട്ടെ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു.