താൽക്കാലികമായി നിർത്തി വെച്ചിരുന്ന രാത്രി സഞ്ചാര വിലക്ക് ഇന്നലെ രാത്രി ഒമാൻ സമയം ഒൻപതു മണി മുതൽ പ്രാബല്യത്തിൽ വന്നു. വെളുപ്പിന് നാല് മണി വരെയായിരിക്കും യാത്രാ വിലക്ക്. പരിശുദ്ധ റമദാൻ മാസത്തെ ദിവസങ്ങളിൽ മുഴുവനും രാത്രി സഞ്ചാര വിലക്ക് ഉണ്ടായിരിക്കും...

ഒൻപതു മുതൽ പുലർച്ചെ നാലു വരെ ഒമാനിൽ വാണിജ്യ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും. വാഹന യാത്രയ്ക്കും വിലക്കുണ്ട്.രാത്രി യാത്രാ വിലക്കിൽ നിന്നു ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മൂന്നു ടൺ ഭാരമുള്ള ട്രക്കുകൾ, ഷിഫ്റ്റ് സംവിധാനത്തിലുള്ള ഫാർമസികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഇളവ് ലഭിക്കും. രാത്രി സമയം വിതരണ സേവനങ്ങൾക്കും വിലക്കുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏർപ്പെടുത്തിയത്. പള്ളികളിൽ കൂട്ടമായുള്ള തറാവീഹ് പാടില്ല. പൊതുസ്ഥലങ്ങളിലും ടെന്റുകളിലും പള്ളികളിലുമുള്ള ഇഫ്താറുകൾ നിരോധിച്ചു. സ്വകാര്യ ഇടങ്ങളിലും ഇഫ്താറിനായി ഒത്തുചേരാൻ പാടില്ല. സാമൂഹിക, കായിക, സാംസ്‌കാരിക പരിപാടികളും സംഘം ചേർന്നുള്ള പ്രവർത്തനങ്ങളും വിലക്കിയിട്ടുണ്ട്.