മസ്‌ക്കറ്റ്: കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഗൾഫ് മേഖലയിൽ ഒമാൻ ഒന്നാം സ്ഥാനത്തു നിൽക്കുന്നതായി സർവേ. കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിലും ഒമാൻ മുന്നിട്ടു നിൽക്കുന്നു. ബാലാവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ 163 രാജ്യങ്ങളെ ഉൾപ്പെടുത്തി കിഡ്‌സ് റൈറ്റ്‌സ് പട്ടിക തയാറാക്കിയതിലാണ് ഗൾഫ് മേഖലയിൽ നിന്ന് ഒമാന് ഒന്നാം സ്ഥാനം നേടാനായത്.

രണ്ടാം സ്ഥാനം ഖത്തറിനും മൂന്നാം സ്ഥാനം കുവൈറ്റിനുമാണ്. പട്ടികയിൽ ഏറ്റവും പിന്നിൽ ബഹ്റൈനാണ്. യുഎഇ നാലാമതും സൗദി അഞ്ചാമതുമായി പട്ടികയിലിടം പിടിച്ചിരിക്കുന്നു. അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ട്യൂണിഷ്യയ്ക്കാണ്. രണ്ടാമതും ഈജിപ്തും. മൂന്നാം സ്ഥാനത്താണ് ഒമാൻ.

ശിശുമരണ നിരക്ക്, ബാലവേല, വിദ്യാലയങ്ങൾ, ആശുപത്രികൾ, പോഷകാഹാര ലഭ്യത എന്നിവ കണക്കാക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. ഒരോ കാര്യത്തിലും രാജ്യാന്തര നിലവാരം ഉറപ്പുവരുത്തുന്നുണ്ടോയെന്നും പരിശോധിച്ച ശേഷമാണ് പട്ടിക തയാറാക്കുന്നത്. ശിശുക്ഷേമത്തിനായി 2025 വരെയുള്ള ദേശീയ കർമപരിപാടി ഒമാൻ നടപ്പാക്കുന്നുണ്ട്.