മസ്‌കത്ത്: രക്ഷിതാക്കളുടെ ആശങ്കയ്ക്ക് ഉടൻ വിരാമമിട്ട് ഇന്ത്യൻ സ്‌കൂളുകളിലെ അടുത്ത അധ്യയന വർഷത്തെ പ്രവേശത്തിനുള്ള ഒന്നാംഘട്ട നറുക്കെടുപ്പ് ഈമാസം പകുതിയോടെ നടക്കും. ആറ് ഇന്ത്യൻ സ്‌കൂളുകളിലേക്കും ഗൂബ്ര ഇന്ത്യൻ സ്‌കൂളിലേക്കുമാണ് നറുക്കെടുപ്പ് നടക്കുന്നത്.

ഒന്നാം ഘട്ട നറുക്കെടുപ്പിൽ സീറ്റ് ലഭിക്കാത്തവർക്കായി അടുത്ത മാസം ആദ്യത്തിൽ രണ്ടാംഘട്ട നറുക്കെടുപ്പ് നടക്കും. എന്നാൽ, ഈ വർഷം അപേക്ഷകരുടെ എണ്ണത്തിൽ 10 ശതമാനത്തിൽ കൂടുതൽ കുറവുവന്നിട്ടുണ്ട്. കഴിഞ്ഞവർഷം മൊത്തം 5300 അപേക്ഷകരാണുണ്ടായിരുന്നത്. ഈ വർഷം 4800ൽ താഴെയാണ് അപേക്ഷകർ. എറ്റവും കൂടുതൽ അപേക്ഷകരുള്ളത് കെ.ജി ഒന്നിലാണ്.

മൊത്തം അപേക്ഷകരുടെ 80 ശതമാനവും കെ.ജി ഒന്ന്, കെ.ജി രണ്ട്, ഒന്ന്, രണ്ട് ക്‌ളാസിലാണ്. സ്‌കൂൾ ഡയറക്ടർ ബോർഡിന്റെ വെബ്‌സൈറ്റ് അനുസരിച്ച് ആറ് ഇന്ത്യൻ സ്‌കൂളുകളിലും ഐ.എസ്.എം അൽ ഖുബ്‌റയിലുമായി 1986 സീറ്റുകളാണ് കെ.ജി ഒന്നിലുള്ളത്. ഇതിൽ വൈകുന്നേര ഷിഫ്റ്റും ഉൾപ്പെടും.

ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത്, ഇന്ത്യൻ സ്‌കൂൾ വാദി കബീർ എന്നിവിടങ്ങളിലാണ് വൈകുന്നേരം ഷിഫ്റ്റുകളുള്ളത്. പുതുതായി ആരംഭിക്കുന്ന മസ്‌കത്ത് സ്‌കൂളിന്റെ ശാഖയായ അൽഗൂബ്ര സ്‌കൂളിൽ 240 സീറ്റുകളാണുള്ളത്. ഇവിടെ കൂടുതൽ സീറ്റുകൾക്ക് സൗകര്യമുണ്ട്. എന്നാൽ, വെബ്‌സൈറ്റിൽ നൽകിയ സീറ്റൊഴിവുകൾ താൽക്കാലികം മാത്രമാണ്. വിടുതൽ സർട്ടിഫിക്കറ്റുകളും മറ്റും നൽകുന്നതോടെ കൂടുതൽ സീറ്റുകൾ നിലവിൽ വരും. അതിനുശേഷം മാത്രമേ സീറ്റുകളുടെ യഥാർഥ കണക്കുകൾ പുറത്തുവരുകയുള്ളൂ. ഏതായാലും ഈ വർഷം സ്‌കൂൾ പ്രവേശം വലിയ കീറാമുട്ടിയാവാൻ സാധ്യതയില്ല.