മസ്‌കത്ത്: രക്ഷിതാക്കൾക്ക് ഇരുട്ടടിയായി ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഫീസ് നിരക്ക് വർധിപ്പിച്ചു. മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ നാലു റിയാലാണ് പ്രതിമാസ ഫീസിൽ വർധിപ്പിച്ചത്. സീബ് സ്‌കൂളിൽ രണ്ടു റിയാലും വർധിപ്പിച്ചു. മറ്റിടങ്ങളിലെല്ലാം ഒരു റിയാൽ വീതവും വർധന വരുത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ സ്‌കൂൾ ബോർഡ് അംഗം സ്ഥിരീകരിച്ചു. ഫീസ് വർധന സംബന്ധിച്ച് അതത് സ്‌കൂളുകളിൽനിന്ന് രക്ഷകർത്താക്കൾക്ക് സർക്കുലർ നൽകിയിട്ടുണ്ട്.

ശമ്പളമടക്കം നടത്തിപ്പ് ചെലവുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഫീസ് കൂട്ടാൻ അംഗീകാരം നൽകിയതെന്ന് ബോർഡംഗം പറഞ്ഞു. ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്തിയിരുന്നു. മസ്‌കത്ത് സ്‌കൂളിലാണ് ഏറ്റവുമധികം വർധന. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികളുടെ ഫീസിനത്തിൽ സഹായം നൽകുന്നതിനായി മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ 75,000 റിയാൽ മാറ്റിവച്ചിട്ടുണ്ട്. 400 റിയാലിൽ കുറവ് വരുമാനമുള്ള രക്ഷകർത്താക്കൾക്ക് ഇതിന് അപേക്ഷിക്കാം. ഇതോടൊപ്പം സ്‌പോൺസർഷിപ് പ്രോഗ്രാമുകൾ അടക്കമുള്ളവക്കും പദ്ധതിയുണ്ട്. മറ്റു സ്‌കൂളുകളിലും സമാനരീതിയിൽ ഫണ്ട് മാറ്റിവച്ചിട്ടുണ്ടെന്ന് ബോർഡംഗം
പറഞ്ഞു.

അതേസമയം, ഫീസ് വർധനക്കെതിരെ രക്ഷകർത്താക്കൾ രംഗത്തത്തെിയിട്ടുണ്ട്. ഒന്നിലധികം കുട്ടികൾ പഠിക്കുന്നവർക്ക് ഫീസ് വർധന അധിക ബാധ്യതയാണ് വരുത്തിവെക്കുന്നതെന്ന് രക്ഷകർത്താക്കൾ പറയുന്നു. ഒരു കുട്ടിക്ക് പ്രതിവർഷം 48 റിയാൽ അധികമായി കണ്ടെത്തേണ്ട
അവസ്ഥയാണ്. കഴിഞ്ഞവർഷം ഫീസിൽ ഒന്നര റിയാലിന്റെ വർധന വരുത്തിയിരുന്നു.

സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് കമ്പനികൾ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുന്ന സമയത്ത് ഫീസിൽ വരുത്തിയ വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൺലൈൻ പെറ്റീഷൻ കാമ്പയിൻ അടക്കം പ്രതിഷേധങ്ങളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ഒരുകൂട്ടം രക്ഷകർത്താക്കൾ. കെ.ജി ഒന്നുമുതൽ 12 വരെ ക്‌ളാസുകളിലായി ഏകദേശം 9000ത്തോളം വിദ്യാർത്ഥികളാണ് മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്നത്.