മസ്‌ക്കറ്റ്: രാജ്യത്തെ എല്ലാ ടാക്‌സി സർവീസുകളും ഇനി ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള നടപടികളുമായി ടൂറിസം മന്ത്രാലയം. ഒമാനിൽ മുമ്പന്തിയിലുള്ള സൊലൂഷ്യൻസ് പ്രൊവൈഡറായ ഇൻജെനുവിറ്റി ടെക്‌നോളജിയുമായി സഹകരിച്ച് പുതിയ ടാക്‌സി മാനേജ്‌മെന്റ് സർവീസ് കൊണ്ടുവരാനാണ് മന്ത്രാലയത്തിന്റെ നീക്കം.

രാജ്യത്തെത്തുന്ന എല്ലാ ടൂറിസ്റ്റുകൾക്കും പ്രവാസികൾക്കും സ്വദേശികൾക്കും മെച്ചപ്പെട്ട യാത്ര സൗകര്യവും ടാക്‌സി സേവനവും ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അധികൃതർ വെളിപ്പെടുത്തുന്നു. പ്രാരംഭ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളിലും പോർട്ട് സുൽത്താൻ ഖബ്ബൂസിലുമായിരിക്കും സർവീസ് ലഭ്യമാകുക.

മൊബൈലിൽ ഡൗൺലോഡ് ചെയ്യുന്ന ആപ്പു വഴി ടാക്‌സി സർവീസ് ആവശ്യമുള്ള ആർക്കും സേവനം ലഭ്യമാകുന്ന തരത്തിലാണ് ഇത് രൂപകല്പന ചെയ്യുന്നത്. ആപ്പുവഴി ടാക്‌സി ഡ്രൈവറെ ബന്ധപ്പെട്ട് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാം. ആൻഡ്രോയ്ഡ്, ഐഒഎസ് ഓപ്പറേറ്റിങ് സംവിധാനങ്ങളിൽ ആപ്പ് ലഭ്യമാണ്. ടാക്‌സി ഡ്രൈവർമാർക്ക് സൗകര്യത്തിനായി രണ്ടു ജിബി സബ്‌സ്‌ക്രിപ്ഷനും കമ്പനി നൽകും. സർവീസ് നടത്തുന്ന വാഹനത്തെ നിരീക്ഷിക്കുന്നതിനും മറ്റുമായി മോണിട്ടറിങ് റൂമും 24 മണിക്കൂർ കോൾ സെന്ററും പ്രവർത്തിക്കുന്നതാണ്.

കസ്റ്റമറുമായി ആശയവിനിമയം നടത്തുന്നതിന് എല്ലാ ഒമാനി ഡ്രൈവർമാർക്കും ഇംഗ്ലീഷിൽ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്ന ഡ്രൈവർമാർക്ക് ഐആർയു സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.