മസ്‌കറ്റ് : രാജ്യത്തെ എല്ലാ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളും റെസിഡന്റ് കാർഡ് എടുക്കണമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികൾ റെസിഡന്റ് കാർഡ് എടുത്തതിന്റെ കോപ്പി കൈമാറുന്നതിനുള്ള അവസാന തീയതി നാളെയാണെന്ന് ഇന്ത്യൻ സ്‌കൂൾ അധികൃതരും സർക്കുലറിൽ അറിയിച്ചിട്ടുണ്ട്.

കെ.ജി മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പുതിയ നിയമം ബാധകമാണ്. കൂടാതെ കുട്ടികളുടെ റെസിഡന്റ് കാർഡ് കോപ്പി പതിപ്പിച്ച പ്രത്യേക രജിസ്റ്റർ സ്‌കൂളിൽ സൂക്ഷിക്കണമെന്നും മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.റെസിഡന്റ് കാർഡ് എടുക്കാൻ പരമാവധി ഒരു മാസമാണ് സമയപരിധിയാണ് മന്ത്രാലയം അനുവദിച്ചിട്ടുള്ളത്. സ്‌കൂളുകളിൽ കുട്ടികളെ ചേർക്കുന്നതിന് ഇനി മുതൽ റെസിഡന്റെ കാർഡ് നിർബന്ധമാണ്.

15 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമായിരുന്നു മുൻപ് റെസിഡന്റ് കാർഡ് നിർബന്ധമായിരുന്നത്. വാക്‌സിനേഷന്റെ സമയത്ത് റെസിഡന്റ് കാർഡ് നിർബന്ധമാക്കിയതോടെ പലരും കാർഡ് എടുത്തിരുന്നുവെങ്കിലും ചെറിയ കുട്ടികൾക്ക് കാർഡുകൾ എടുത്തിട്ടില്ലായിരുന്നു. അതിനാൽ കുട്ടികളുടെ റെസിഡന്റ് കാർഡ് എടുക്കുന്നത് വളരെ എളുപ്പത്തിലാക്കാനുള്ള നടപടികൾ റോയൽ ഒമാൻ പൊലീസ് ആരംഭിച്ചിട്ടുണ്ട്.