ഫെബ്രുവരി മുതൽ ഒമാനിലെ മെഡിക്കൽ ഫീസുകളിൽ വൻ വർദ്ധനവ് വരുത്തുമെന്ന് റിപ്പോർട്ട്. വിദേശികൾക്ക് റെസിഡന്റ് കാർഡ് ലഭിക്കാൻ ആവശ്യമായ മെഡിക്കൽ പരിശോധന റിപ്പോർട്ടുകൾക്കാണ് വില വർദ്ദനവ് ഉണ്ടാകുക.

സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ മെഡിക്കൽ പരിശോധന റിപ്പോർട്ടിന് 10 റിയാലിൽ നിന്ന് 30 റിയാലായാണ് ഫീസ് വർധന. പൊതുമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇതേ സേവനത്തിനുള്ള ഫീസ് 10 റിയാലായും നിശ്ചയിച്ചു.മെഡിക്കൽ, മെഡിക്കൽ അസിസ്റ്റന്റ് വിഭാഗങ്ങളിൽ ഒമാനികളല്ലാത്തവരുടെ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിന് ഇനി 20 റിയാൽ ഫീസ് നൽകണം. ഫാർമസ്യൂട്ടിക്കൽ വിഭാഗം ഒഴിച്ചുള്ള അസിസ്റ്റന്റ് മെഡിക്കൽ തസ്തികകളിലെ ലൈസൻസിന് വിദേശികൾ 100 റിയാൽ നൽകണം.

കുത്തിവെപ്പ്, ഔഷധ ഇറക്കുമതി പെർമിറ്റ്, സ്വകാര്യ ആശുപത്രി, ക്ലിനിക്, ഫാർമസി എന്നിവ സ്ഥാപിക്കൽ എന്നിവക്ക് ആരോഗ്യ മന്ത്രാലയം നൽകുന്ന സേവനങ്ങൾക്കുള്ള ഫീസും ഔദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി.