മസ്‌കത്ത്: രാജ്യത്ത് മരുന്നുകൾക്ക് നാളെ മുതൽ വില കുറവ്. നാലായിരത്തിലധികം മരുന്നുകളുടെ വിലയാണ് നാളെ മുതൽ കുറയുക. മരുന്നുകളുടെ പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ജി.സി.സി തലത്തിൽ മരുന്നു വില ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഉൽപന്നത്തിന്റെ ചെലവ്, ഇൻഷുറൻസ്, ചരക്കുകൂലി എന്നിവയ്ക്കൊപ്പം 45 ശതമാനം ലാഭവിഹിതവും കൂട്ടിയാകും മരുന്നുകളുടെ ചില്ലറ വില തീരുമാനിക്കുക. ലാഭവിഹിതം ഒഴിച്ചുള്ളവ ടെക്നിക്കൽ കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായിരിക്കും.

മൊത്തം 4300 മരുന്നുകൾക്കാകും വിലക്കുറവ് പ്രാബല്യത്തിൽ വരുക. നേരത്തേ 2014 ഒക്ടോബറിൽ 1400 മരുന്നുകളുടെയും 2015 ജൂണിൽ 1180 മരുന്നുകളുടെയും വിലയിൽ ഒമാൻ സർക്കാർ കുറവുവരുത്തിയിരുന്നു.