ദോഹ: ദേശീയദിനത്തെ വരവേൽക്കാൻ വമ്പിച്ച ആഘോഷപരിപാടികളാണ് രാജ്യമെങ്ങും ആസൂത്രണം ചെയ്തിരിക്കുന്നത്. തിരക്കിട്ട ഒരുക്കങ്ങളാണ് ഖത്തറിലെമ്പാടും നടക്കുന്നത്. ദേശീയദിനമായ ഡിസംബർ 18 ഉത്സവാഘോഷമാക്കാൻ പരമ്പരാഗത തമ്പുകളൊരുക്കിയും കമാനങ്ങൾ തീർത്തും ദർബ് അൽ സായി അണിഞ്ഞൊരുങ്ങി കഴിഞ്ഞു. തീർത്തും ആഘോഷ ലഹരിയിൽ തന്നെയാണ് ഖത്തർ ജനത.

ദേശീയദിനം വമ്പിച്ച ആഘോഷമാക്കാൻ തമ്പുകളും വിവിധ കെട്ടിടങ്ങളും തയാറായിക്കഴിഞ്ഞു. ലൈറ്റും മറ്റു ക്രമീകരണങ്ങളും വിവിധ പരിശോധനകൾക്ക് ശേഷം ഈ മാസം അഞ്ചോടെ സജ്ജമാകും.

പൊതുജനങ്ങൾക്കായുള്ള മൈതാനം എട്ടാം തീയതിയോടെയാണ് തുറന്നുകൊടുക്കുക. ദോഹ എക്സ്‌പ്രസ്വേക്കും ജാസിം ബിൻ ഹമദ് സ്ട്രീറ്റിനും ഇടയ്ക്കുള്ള മൈതാനിയിലാണ് ദർബ് അൽ സായി ഒരുങ്ങുന്നത്. ഖത്തറിന്റെ സാംസ്‌കാരിക പരാമ്പര്യം വിളിച്ചറിയിക്കുന്ന പ്രദർശനങ്ങൾ, ആരോഗ്യ ബോധവൽക്കരണ പരിപാടികൾ, കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ തുടങ്ങിയവയാണ് ദേശീയ ദിനത്തിന്റെ ഭാഗമായി ഇവിടെ അരങ്ങേറുക.

ദേശീയദിന പരേഡ് നടക്കുന്ന ദോഹ കോർണീഷിലും ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കാഴ്ചക്കാർക്കുള്ള ഗ്യാലറിയും അമീറിനും മറ്റ് ഭരണാധികാരികൾക്കുമുള്ള പവലിയനും നിർമ്മാണ ഘട്ടത്തിലാണ്. റോഡരികുകളിൽ അലങ്കാര വിളക്കുകൾ സ്ഥാപിച്ചും ഷോപ്പിങ് മാളുകളിലും ചെറുകിട കച്ചവട കേന്ദ്രങ്ങളിലും തൊപ്പികൾ, ടീഷർട്ട്, ദേശീയപതാക, സ്റ്റിക്കറുകൾ എന്നിവ വിൽപനക്ക് എത്തിക്കഴിഞ്ഞു. ദേശീയ പതാകക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. ഒരു മീറ്റർ മുതൽ 15 മീറ്റർ വരെ നീളമുള്ള കോട്ടൺ പതാകകളാണ് ലഭ്യമാവുന്നത്.