ദ്യപിച്ചോ നിരോധിത മരുന്നുകളുപയോഗിച്ചോ വാഹനമോടിക്കുന്ന പ്രവാസികളെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുന്നതുൾപ്പെടെ കടുത്ത നടപടികളുമായി നടപ്പിലാക്കാനൊരുങ്ങുന്ന ഒമാനിലെ ഗതാഗത പരിഷ്‌കാരങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നു. മദ്യപിച്ചോ നിരോധിത മരുന്നുകളുപയോഗിച്ചോ വാഹനമോടിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്നതാണ് ശിക്ഷാ ഭേദഗതിയിലെ പ്രധാന ഭാഗം.

500 റിയാൽ പിഴയും ഒരുവർഷം വരെ തടവും ശിക്ഷക്ക് ശേഷമാകും നാടുകടത്തൽ. സമാന കേസിൽ പിടിയിലാവുന്ന സ്വദേശികൾക്ക് ഒരുവർഷം തടവും 500 റിയാൽ പിഴയും ശിക്ഷയായി ലഭിക്കും.വാഹനാപകടങ്ങളെ ഇനി ബോധപൂർവമെന്നും അശ്രദ്ധമൂലവുമെന്ന് വേർതിരിച്ചാകും നടപടികളെടുക്കുക. അശ്രദ്ധമൂലം അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേൽക്കുന്ന പക്ഷം 2000 റിയാൽ പിഴയും മൂന്നുമാസം മുതൽ ഒരുവർഷം വരെ തടവും ശിക്ഷയായി ലഭിക്കും. പരിക്കിന്റെ ഗുരുതരാവസ്ഥക്കനുസരിച്ചാകും ജയിൽശിക്ഷ എത്ര വേണമെന്നതിൽ തീരുമാനമാവുക. ഇനി അപകടംമൂലം ഒരാൾ മരണപ്പെടുകയോ പത്ത് ദിവസത്തിലധികം ജോലിക്ക് ഹാജരാവാൻ കഴിയാത്ത അവസ്ഥയുണ്ടാവുകയോ ചെയ്താൽ
ഒരുവർഷം വരെ തടവും പിഴയുമാണ് സ്വദേശികൾക്കും വിദേശികൾക്കും ശിക്ഷ.

വിദേശികളെ ശിക്ഷാകാലാവധി പൂർത്തിയായാൽ ഉടൻ നാടുകടത്തുകയും ചെയ്യും. വാഹനമോടിക്കുമ്പോൾ മൊബൈൽഫോൺ ഉപയോഗിക്കുന്നവർക്ക് ഒരുമാസം മുതൽ രണ്ടുവർഷം വരെ തടവും 300 റിയാൽ പിഴയും ലഭിക്കും. പൊതുനിരത്തുകളിൽ മത്സരയോട്ടം നടത്തുന്നവർക്കും എതിർദിശയിൽ വാഹനമോടിക്കുന്നവർക്കും മൂന്നുമാസം തടവും 300 റിയാൽ പിഴയുമാണ് ശിക്ഷ. കേടുവന്ന ബ്രേക്കുള്ള വാഹനമോടിക്കുക, ഇൻഷുറൻസും രജിസ്‌ട്രേഷനും കാലഹരണപ്പെടുക, നിരത്തിൽ ഗതാഗത സ്തംഭനമുണ്ടാക്കുക എന്നീ കുറ്റങ്ങളും വാഹനയുടമകളെ ജയിലിലത്തെിക്കും.

മൂന്നുമാസം തടവും 300 റിയാൽ പിഴയുമാണ് ഈ കുറ്റങ്ങളിലെ ശിക്ഷ. തെറ്റായ നമ്പർപ്‌ളേറ്റും കാലഹരണപ്പെട്ട ലൈസൻസും ഉപയോഗിക്കുന്നവരെ ഒരുവർഷമാണ് തടവിലിടുക. 500 റിയാൽ പിഴയും ഇവർക്ക് ശിക്ഷയായി ലഭിക്കും. ഡ്രൈവിങ്ങിനിടെ മറ്റ് വാഹനയുടമകളോട് മോശമായി പെരുമാറുന്നവരെയും തടവും പിഴയുമാണ് കാത്തിരിക്കുന്നത്.

വാഹനത്തിന്റെ രേഖകൾ കൃത്രിമമാണെങ്കിൽ മൂന്നുമാസം തടവും 300 റിയാൽ പിഴയുമാകും ശിക്ഷ.അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നവർക്ക് ഒരുവർഷം വരെ തടവും 500 റിയാൽ വരെ പിഴയുമാണ് ശിക്ഷയെന്ന് മറ്റ് റിപ്പോർട്ടുകൾ പറയുന്നു. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് രണ്ടുശിക്ഷയും ഒരുമിച്ചോ വെവ്വേറെയോ ലഭിക്കാം. അപകടകരമായ രീതിയിൽ വാഹനങ്ങൾ മറികടക്കുന്നവർക്കും റോഡ് ഷോൾഡറിലൂടെ മറികടക്കുന്നവർക്കും ഈ ശിക്ഷ ലഭിക്കും. റോയൽ ഡിക്രി 38/2016 പ്രകാരമാണ് നിലവിലുള്ള ഗതാഗതനിയമത്തിന്റെ ചില ഭാഗങ്ങൾ ഭേദഗതി ചെയ്ത് സുൽത്താൻ ഉത്തരവിട്ടത്. ഔദ്യോഗിക ഗസറ്റിൽ
പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഇത് നിയമമാകും. പുതിയ തലമുറക്ക് സുരക്ഷിതമായ ഡ്രൈവിങ് സംസ്‌കാരം പകർന്നുനൽകാൻ ലക്ഷ്യമിട്ടാണ്
നിയമഭേദഗതിയെന്ന് ആർ.ഒ.പി വക്താവ് അറിയിച്ചു.