മാനിൽ എൻ.ഒ.സി നിയമം നിലനിർത്തണമോ വേണ്ടയോ എന്ന വിഷയത്തിൽ നിങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം. വിദേശികൾ അടക്കമുള്ളവർക്ക് അടുത്ത ആറു ദിവസകാലയളവിനുള്ളിൽ തങ്ങളുടെ അഭിപ്രായം വോട്ടിലൂടെ രേഖപ്പെടുത്താൻ അവസരമാണ് ഒരുങ്ങുന്നത്.തൻഫീദ് പദ്ധതി നടത്തിപ്പിന് പിന്തുണ നൽകുന്ന ഇംപ്ലിമെന്റേഷൻ സപ്പോർട്ട് ആൻഡ് ഫോളോഅപ്പ് യൂനിറ്റ് ട്വിറ്ററിലാണ് ഇത് സംബന്ധിച്ച വോട്ടെടുപ്പ് നടത്തുന്നത്.

2014 ജൂലൈ ഒന്നുമുതലാണ് തൊഴിൽ മേഖലയിലെ ക്രമീകരണത്തിന്റെ ഭാഗമായി രണ്ടുവർഷത്തെ വിസാ നിരോധവും എൻ.ഒ.സി നിയമവും കർശനമായി നടപ്പാക്കി തുടങ്ങിയത്. ഇതുപ്രകാരം വിസ റദ്ദാക്കി പോകുന്നവർക്ക് പുതിയ തൊഴിൽ വിസയിൽ വരുന്നതിന് പഴയ സ്പോൺസറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. എൻ.ഒ.സി സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് രണ്ടുവർഷത്തേക്ക് വിസാ നിരോധവും നിലവിൽ വന്നു.

ഐ എസ് എഫ് യു ട്വിറ്റിർ അക്കൗണ്ടിലാണ് ഓൺലൈൻ വോട്ടിങ്. അറബി, ഇംഗ്ലീഷ് ഭാഷകളിൽ അഭിപ്രായം രേഖപ്പെടുത്താം. ഒരു ദിവസത്തിനിടെ അറബിയിൽ 224 പേർ അഭിപ്രായം രേഖപ്പെടുത്തി. ഇവരിൽ 45 ശതമാനം പേരും എൻ ഒ സി നിയമം എടുത്തുകളയുന്നതിനോട് യോജിക്കുന്നില്ല. എന്നാൽ 35 ശതമാനം പേർ എൻ ഒ സി ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നു. 20 ശതമാനം പേർ ഉറപ്പില്ല എന്നതിനെ പിന്തുണക്കുന്നു. ഇംഗ്ലീഷ് ട്വീറ്റ് വഴി വോട്ട് രേഖപ്പെടുത്തിയ 70 പേരിൽ 50 ശതമാനവും എൻ ഒ സി എടുത്തുകളയണമെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 37 ശതമാനം എൻ ഒ സിയെ പിന്തുണക്കുന്നു.