റ് ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയിൽ നിന്ന് ഒമാൻ വിട്ടുപോയേക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അധികൃതർ. ഗൾഫ് സഹകരണ കൂട്ടായ്മക്ക് കൂടുതൽ കരുത്ത് പകരേണ്ട ഘട്ടമാണിതെന്നും ഒമാൻ നേതൃത്വം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബ്രെക്‌സിറ്റ് സംഭവത്തെ തുടർന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട ട്വിറ്റർ സന്ദേശത്തിന്റെ ചുവടുപിടിച്ചായിരുന്നു സാമൂഹിക മാദ്ധ്യമങ്ങളിലും മറ്റും വ്യാപക പ്രചാരണം നടന്നത്.

ബ്രിട്ടീഷുകാർ ധീരമായ തീരുമാനമെടുത്തുവെന്നും യൂറോപ്യൻ കമ്മീഷൻ ചുമത്തിയ ചില നയങ്ങളോടുള്ള പ്രതികരണമാണ് ഈ തീരുമാനമെന്നും വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു.

ഇത് ഗൾഫ് കോ ഓപ്പറേഷൻ കൗൺസിലിനെ ലക്ഷ്യമിട്ട ട്വീറ്റാണെന്നായിരുന്നു പരക്കെയുള്ള വിശ്വാസം. തുടർന്ന് ഒമാൻ ജിസിസി വിടുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. ചില ജിസിസി നയങ്ങളോട് ഒമാൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നത് ഈ വാർത്തകൾക്ക് ബലം നൽകി.

ശനിയാഴ്ചയാണ് വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കിയത്. വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ചില അഭിപ്രായ വിത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഒമാൻ ജിസിസി വിടുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു