മസ്‌കറ്റ് : ഒമാനിൽ ഫെബ്രുവരിയിലെ ഇന്ധന വില വർദ്ധനവ് ഇന്ന് മുതൽ നടപ്പിലാകും.പെട്രോളിനും ഡീസലിനും പത്ത് ബൈസയുടെ വീതം വർധനവാണ് വരുത്തിയിരിക്കുന്നത്. പുതിയ വർദ്ധനവോടെ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്.

എം 91 ലിറ്ററിന് 186 ബൈസയും എം 95 ലിറ്ററിന് 196 ബൈസയുമായിരിക്കും ഫെബ്രുവരിയിലെ നിരക്ക്. ഡീസലിന് 205 ബൈസയും ഈടാക്കും. ജനുവരിയിൽ എം 91ന് 176 ബൈസയും സൂപ്പറിന് 186 ബൈസയും ഡീസലിന് 195 ബൈസയുമായിരുന്നു വില. റെഗുലർ പെട്രോളിന്
പകരം കഴിഞ്ഞ നവംബർ മുതലാണ് എം 91 എന്ന പുതിയ ഗ്രേഡ് ഇന്ധനം അവതരിപ്പിച്ചത്. നവംബറിൽ 173 ബൈസയായിരുന്നു എം 91ന് ഈടാക്കിയത്.

ഇന്ധനവിലയിൽ കൂടുതൽ വർധന ഉണ്ടാകുന്ന പക്ഷം നിരക്ക് വർധനവിനെ കുറച്ച് ആലോചിക്കുമെന്ന് മുവസലാത്ത് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. ഇന്ധനവില വർദ്ധനവ് ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.