മസ്‌കത്ത്: നിങ്ങൾ മസ്‌കത്ത് വിമാനത്താവളം വഴിയാണോ യാത്ര ചെയ്യുന്നത്. എങ്കിൽ ഇനി യാത്രയ്‌ക്കൊരുങ്ങുമ്പോൾ ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടി ചുറ്റിയടിക്കാൻ റെഡിയായിക്കൊള്ളൂ. രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാനായി മസ്‌കത്ത് വിമാനത്താവളം വഴി കടന്നുപോകുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് 72 മണിക്കൂർ കാലാവധിയുള്ള വിസ ഉടൻ നടപ്പിലാകും.

മറ്റുരാജ്യങ്ങളിലേക്ക് മസ്‌കത്ത് വഴി പോകുന്നവർക്ക് മൂന്നു ദിവസം രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുകയാണ് ഓൺ അറൈവൽ വിസ സംവിധാനത്തിന്റെ ലക്ഷ്യം. ബംഗ്‌ളാദേശ്, അഫ്ഗാനിസ്താൻ എന്നിവ ഒഴികെ മുഴുവൻ രാജ്യങ്ങളിലെ പൗരന്മാർക്കും ഈ സൗകര്യം ലഭ്യമാകും. മുൻകൂർ അപേക്ഷ നൽകാതെ വിമാനത്താവളത്തിൽനിന്ന് പുതിയ വിസ ലഭ്യമാക്കാനുള്ള പദ്ധതിയാണിത്.

ഇതിനായുള്ള ഇലക്ട്രോണിക് വിസ സംവിധാനം ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കാനാണ് പദ്ധതി. ഹോട്ടൽ മുറി ബുക് ചെയ്തതിന്റെരേഖകൾ കൂടി കാണിച്ചാൽ മാത്രമേ ഓൺ അറൈവൽ വിസ ലഭിക്കൂ.ഒമാൻ എയർ വിമാനത്തിൽ മസ്‌കത്ത് വഴി ഈ വർഷം 48 ലക്ഷം യാത്രക്കാർകടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ എട്ടു ലക്ഷം പേർ മാത്രമാണ് മസ്‌കത്തിൽ നേരിട്ട് വന്ന് പോകുന്നവർ. ബാക്കി 40 ലക്ഷം പേരുംമസ്‌കത്ത് വഴി മറ്റിടങ്ങളിലേക്ക് പോകുന്ന ട്രാൻസിറ്റ് യാത്രക്കാരാണ്. ഇവരിൽ 600 പേർ മാത്രമാണ് ഇവിടെ 24 മണിക്കൂറിൽ കൂടുതൽ തങ്ങുന്ന സ്റ്റോപ്പ് ഓവർ യാത്രക്കാർ. ഇവരുടെ എണ്ണം വർധിപ്പിക്കുകയാണ് 72 മണിക്കൂർ വിസസംവിധാനം ലക്ഷ്യമിടുന്നത്.

ഇവർക്ക് സലാല സന്ദർശിക്കാൻ അവസരമൊരുക്കാനും പദ്ധതിയുണ്ട്. ഇതിനായി സലാല വിമാനത്താവളത്തിൽ താമസിയാതെ എമിഗ്രേഷൻ കസ്റ്റംസ് സൗകര്യം ഒരുക്കും. മസ്‌കത്ത് വഴി സലാലയിലേക്ക് വരുന്നവർക്ക് ഇപ്പോൾ മസ്‌കത്തിൽ എമിേഗ്രഷൻ കസ്റ്റംസ് നടപടി പൂർത്തിയാക്കി വീണ്ടും സലാലയിലേക്ക് വിമാനം കയറേണ്ടതുണ്ട്. ഇത് ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.